Saturday, December 23, 2017

ഭൂമി കുംഭകോണത്തില്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കുന്നു; പരാതിയുമായി വൈദീകര്‍ വത്തിക്കാനിലേയ്ക്ക്;

മാഫിയാ വല്‍ക്കരണത്തില്‍ ഞെട്ടലോടെ സഭാവിശ്വാസികള്‍

 312  300  0 Google +3  0
കൊച്ചി: കോടികള്‍ അടിച്ചുമാറ്റുന്ന വന്‍ മാഫിയ സംഘത്തിന്റെ കോടാലി കൈയായി മാറുകയാണോ കേരളത്തില കത്തോലിക്കാ സഭ. കോടികളിട്ടമ്മാനമാടുന്ന ഫാരിസ് അബൂബക്കര്‍മാരുടെ ഉറ്റത്തോഴരായി ക്രിസ്തുവിന്റെ ഇടയന്‍മാര്‍ മാറിയത് മുതല്‍ തുടങ്ങിയാണ് കേരളത്തിലെ സീറോ മലബാര്‍ സഭയുടെ ശനിദിശ. ഫൈവ് സ്റ്റാര്‍ ജീവിതവും ലക്ഷങ്ങള്‍ ലാഭം കൊയ്യുന്ന കച്ചവടവുമായി പല വൈദീകരും നിരവധി ഫാരീസ് അബൂബക്കര്‍മാരുടെ ശിഷ്യന്‍മാരായി. കോടികളുടെ സ്വത്ത് ദീപികയുടെ പേരില്‍ അടിച്ചുമാറ്റിയതിന്റെ കണ്ണീര്‍ സഭാ മക്കളില്‍ നിന്ന് വറ്റിതീരുംമുമ്പാണ് കോടികളുടെ ഭൂമി കുംഭ കോണത്തിന് മുന്നില്‍ അഭിവന്ദ്യപിതാക്കന്‍മാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത്.
മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദീകസമിതി ഒന്നടങ്കം മാര്‍പ്പാപ്പയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ വിശ്വാസികളെ ഞെട്ടലിലാക്കിയത്. നന്മയുടെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകരായ സഭാ പിതാക്കന്‍മാര്‍ ഭൂമാഫിയയുടെ പണിയാളുകളായി മാറിയത് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
എറണാകുളംഅങ്കമാലി അതിരൂപതയില്‍ മാര്‍ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവാസി ശബ്ദം പുറത്ത് വിട്ടത്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചര്‍ച്ചചെയ്യാനായി മാത്രം അതിരൂപതയിലെ എല്ലാ വൈദീകരും ഇന്നലെ (21.12.2017) രാവിലെ 10 മണിക്ക് എറണാകുളം, സെന്റ്. മേരീസ് ബസിലിക്കയില്‍ ഒരുമിച്ച് കൂടി.
അതിരൂപതയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ 90% മേല്‍ വൈദീകരുടെ സാന്നിധ്യം മീറ്റിങ്ങില്‍ രേഖപ്പെടുത്തി. മാര്‍ ആലഞ്ചേരിയുടെ കുറ്റസമ്മതവും, ഖേദപ്രകടനവും കുറിക്കുന്ന ഔദ്യോഗികമായ ഒരു കത്ത് വായിച്ചു കൊണ്ടാണ് മീറ്റിങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതി നിയോഗിച്ച കമ്മീഷന്‍ ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ വച്ചു. മാര്‍ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോര്‍ട്ടാണ് വൈദീക കൂട്ടായ്മ മുമ്പാകെ കമ്മീഷന്‍ അവതരിപ്പിച്ചത്.
പൊതു സമൂഹത്തിനു മുന്നില്‍ സത്യത്തിന്റേയും, ധാര്‍മ്മികതയുടേയും വക്താവാകേണ്ട മാര്‍ ആലഞ്ചേരിക്ക് ധാര്‍മ്മികമായ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു. ഈ തെറ്റിന്റെ വ്യാപ്തിയും, ഇതുമൂലം സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയും പൊതുസമൂഹത്തിനു മുന്നില്‍ സഭയെയും വിശ്വാസ സമൂഹത്തേയും അരക്ഷിതാവസ്ഥയില്‍ എത്തിക്കും. അതിനാല്‍ തന്നെ മാര്‍ ആലഞ്ചേരിക്കുണ്ടായ ഗുരുതരമായ ഈ തെറ്റുകളെ വസ്തുനിഷ്ടമായി മാര്‍പ്പാപ്പയേയും, വത്തിക്കാന്‍ കൂരിയായേയും അറിയിക്കുവാനാണ് ഇന്നലെ ചേര്‍ന്ന വൈദീക സമിതി ഐക്യകണ്ടേന തീരുമാനിച്ചത്.
അതിരൂപതയിലെ വൈദീക സമിതിയുടെ ഈ തീരുമാനം വിശ്വാസികളുടേയും, പൊതു സമൂഹത്തിന്റേയും മുന്നില്‍ വലിയൊരു മാതൃകയായിരിക്കും.
സാമ്പത്തികമായ ക്രമക്കേടുകളില്‍ ഒരു കണിക പോലും വിട്ടുവീഴ്ച്ചയില്ലാത്ത ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഈ വിഷയത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളും എന്നത് സീറോ മലബാര്‍ സഭയുടെ നേതൃ നിരകളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ സഭാ പിതാക്കന്‍മാര്‍ നടത്തിയ സാമ്പത്തീക തട്ടിപ്പുകള്‍ വത്തിക്കാനിലെത്തുന്നതോടെ മാര്‍ ആലഞ്ചേരി സ്വയം രാജിവച്ചൊഴിയുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഭൂമി കുംഭകോണത്തിനെതിരെ സഭയിലെ വിവിധ കോണുകളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടി പറയാന്‍ സഭയിലെ വൈദീകര്‍ക്കാകുന്നില്ല. കോടികള്‍ക്ക് മുന്നില്‍ കണ്ണുമഞ്ഞളിച്ച ക്രിസ്തുവിന്റെ ദാസന്‍മാര്‍ തെറ്റുതിരുത്തുമോ എന്ന് കാലം തെളിയിക്കും

No comments:

Post a Comment