Monday, September 10, 2018

ബാഹ്യശക്തികൾ ആരെന്ന് കത്തോലിക്കാ സഭാനേതൃത്വം വെളിപ്പെടുത്തണം -കന്യാസ്ത്രീകളെ അവരവരുടെ കുടുബങ്ങളിലേയ്ക്ക് തിരികെവിളിക്കുവാൻ കുടുബക്കാർ തയ്യാറാകണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.


 ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ നടക്കുന്ന സമരം സഭക്കെതിരെ പ്രവർത്തിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലാണെന്ന സഭാനേതൃത്വത്തിന്റെ വെളിപ്പെടുത്തൽ സാധാരണ വിശ്വാസികളെ വഴിതെറ്റിക്കുന്നതിനും ആസൂത്രിതമായി കലാപമുണ്ടാക്കുന്നതിനും ലക്ഷ്യം വച്ചാണെന്ന് കരുതേണ്ടിയിരിക്കുന്നു.  വർഷങ്ങളായി സഭാനവീകരണ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന അത്മായ സംഘടനകളും ഇരയോടൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളും അവരുടെ കൂടുബാംഗങ്ങളുമാണ് സമരരംഗത്തുള്ളത്. 
അഡ്വ. ജോസ് അരയകുന്നേലിന്റെ നിരാഹാരത്തോടെ ആരംഭിച്ച സമരത്തിനു പിൻതുണയുമായി നാടിന്റെ നാനാതുറകളിൽപെട്ട ആളുകളും പൊതുപ്രവർത്തകരും എത്തിക്കൊണ്ടിരിക്കുന്നു. അതിൽ സി. പി. ഐ.യുടെ പിൻതുണ സെക്രട്ടറി കാനംരാജേന്ദ്രനും കോൺഗ്രസിന്റെ പിൻതുണ എം.എം. ഹസനും പി.റ്റി. തോമസും അറിയിച്ചു. ബഹുമാനപ്പെട്ട വി.എസ്സ് അച്ചുതാനന്തനും നിരണം മെത്രാൻ കൂറിലോസും ആദരണിയനായ ജസ്റ്റീസ് കെമാൽ പാഷയും ഫാദർ പോൾ തേലക്കാട്ടും പിൻതുണ പ്രഖ്യാപിച്ചു.  ഇവരെല്ലാമാണോ ബാഹ്യശക്തികൾ എന്ന് സഭാ നേതൃത്വം വെളിപ്പെടുത്തണം . സഭാനേതൃത്വത്തിന്റെ തരംതാണതും ഗൂഡോദേശ്യത്തോടുംകൂടിയ ഈ നിലപാട് സഭാവിശ്വാസികളെ അപമാനിക്കുന്നതും രാജ്യത്തെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥിതികളോ
ടുമുള്ള വെല്ലുവിളിയുമാണ്.  ബാഹ്യശക്തികൾ ആരാണെന്ന് വെളിപ്പെടുത്താത്ത പക്ഷം സഭാ നേതൃത്വം ജനസമൂഹത്തോട് മാപ്പുപറയണം. 
കന്യാസ്ത്രീകൾക്ക് അവരുടെ മഠങ്ങളിൽ യാതോരു സുരക്ഷയുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കു പരിശോധിച്ചാൽ തന്നെ പതിനഞ്ചിലധികം കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. അവരെല്ലാം ആത്മഹത്യചെയ്തതാണെന്നും ഭ്രാന്തികളാണെന്നും സ്ഥാപിച്ചെടുക്കുവാൻ സഭാനേതൃത്വത്തിന് കഴിയുന്നു. കഴിഞ്ഞദിവസം കിണറ്റിൽ വീണു കിടന്ന് മരിച്ച സിസ്റ്റർ സൂസമ്മയുടെ മരണം ആത്മഹത്യയാണെന്നും അവർക്ക് ഭ്രാന്താണെന്നും മുൻകൂർ സ്ഥാപിച്ചെടുക്കുവാൻ തുടക്കംമുതലേ സഭാനേതൃത്വത്തിന് കഴിയുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവരുടെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ടെന്നും വെള്ളം കുടിച്ചാണ് മരണമെന്നും പറയുന്നു.  ഇവിടെ ഉയരുന്നചോദ്യം അധ്യാപികയായ ഇവർ ഭ്രാന്തിയാണെങ്കിൽ എങ്ങനെയാണ് ജോലിയിൽ തുടർന്നതും ശമ്പളം വാങ്ങിയതും. ഈ കന്യാസ്ത്രീ തനിയെ അവരുടെ രണ്ടു കൈത്തണ്ടയും മുറിക്കുമോ? .മരിക്കാൻ പോകുന്നതിനുമുൻപ് മുടിമുറിച്ചത് എന്തിന്, അതിനുശേഷം കിണറിന്റെ മുകളിൽ ഇട്ടിരുന്ന ഇരുമ്പുവലഉയർത്തി കിണറ്റിലേയ്ക്ക് തനിയെ ചാടുക ആത്മഹത്യയാണെങ്കിൽ ഇതിലേതെങ്കിലും ഒരുമാർഗ്ഗം മതിയാകുമായിരുന്നല്ലോ ഇവർക്ക് .ഇതൊക്കെ കേൾക്കുമ്പോൾ അഭയാക്കേസിനു തുല്യമായ എന്തെങ്കിലും നടന്നുവെന്നുവേണം കരുതുവാൻ .തുടക്കം മുതലേ ഇത് അത്മഹത്യയാണെന്നുപറയുവാൻ പോലീസും വലിയ താത്പര്യം കാണിക്കുന്നുവെന്ന് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടാൽ ബോധ്യമാകും .രാസപരിശോധനകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെടുവാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ സിസ്റ്റർ സൂസമ്മയുടെ മരണം സംബന്ധിച്ച്  സി.ബി. ഐ കേസ്സെടുത്ത് ഉടൻതന്നെ അന്വേഷണം നടത്തണമെന്നും ഓപ്പൺ ചർച്ച്മൂവ്‌മെന്റ് ആവശ്യപ്പെടുകയാണ്.
കത്തോലിക്കാസഭയിലെ കന്യാസ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് ഇത്തരം സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. കന്യാസ്ത്രീകളുടെ മാതാപാതാക്കളും ബന്ധുമിത്രാതികൾക്കും ആത്മാർത്ഥതയുണ്ടെങ്കിൽ അവരുടെ കുടുംബങ്ങളിലേയ്ക്ക് ഇവരെ തിരികെ വിളിച്ച് അവർക്ക് പുതിയ ജീവിതം നൽകുവാൻ തയ്യാറാകണം.മഠം വിട്ട് പുറത്തുപോരുന്ന കന്യാസ്ത്രീകൾക്ക് അവരുടെ സേവനകാലാവധി പരിഗണിച്ച് കുറഞ്ഞത് പത്ത് ലക്ഷം രൂപ നൽകുവാൻ കോടിക്കണക്കിനു സമ്പത്തുള്ള  സഭാനേതൃത്വം തയ്യാറാകണം. 
ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഫാദർ ജോസഫ്, സക്രട്ടറി കെ. കെ. ജോസ് കണ്ടത്തിൽ , എം. എൽ ആഗസ്തി. ജോർജ്ജ് തോമസ്സ്,  ജോസഫ് നെടുംങ്കണ്ടം തുടങ്ങിയവർ സംസാരിച്ചു. 

 കൊച്ചി.                                   റെജി ഞള്ളാനി 
 10-9-18.                                     ചെയർമാൻ 
                                           ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.