കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു. കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കും. അതുവരെ തുടർനടപടികൾ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം.
കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. മറ്റു കക്ഷികൾ നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കർദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരേയും പ്രതിചേർത്താണ് കേസെടുത്തിരുന്നത്.
വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും രണ്ട് വൈദികർക്കും ഇടനിലക്കാരനായ സാജു വർഗീസിനുമെതിരെ കേസെടുത്തിരുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്നലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാറിനും പൊലീസിനും കടുത്ത വിമർശനവുമായി കോടതി രംഗത്തെത്തുകയുണ്ടായി. കർദിനാൾ അടക്കം കോടതി കേസെടുക്കാൻ നിർദേശിക്കുന്നവർക്കെതിരെ കേസെടുക്കാൻ വൈകിയത് എന്തേയെന്ന് കോടതി ചോദിക്കുകയുണ്ടായി. എഫ്ഐആർ ഇടാൻ നാലു ദിവസമാണ് വൈകിയത്. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും കോടതി ചോദിച്ചു. അവധി ദിവസമായതിനാലാണ് എഫ്ഐആർ ഇടാൻ വൈകിയതെന്ന് വാദിച്ച സർക്കാർ അഭിഭാഷകനും കോടതി വിമർശിച്ചു. അതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
നിയമോപദേശം കൂടി നേടിയ ശേഷമാണ് സർക്കാർ കർദിനാളിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും മറ്റ് രണ്ട് വൈദികർക്കും ഇടനിലക്കാരനുമായ സാജു വർഗീസിനുമെതിരെ പൊലീസ് കേസെടുത്തത്. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.
No comments:
Post a Comment