നാം നാമാകണം
(ഓശാന, ജനുവരി 1976, എഡിറ്റോറിയല്‍ )
കേരളത്തിലെയും ഭാരതത്തിലെയും ക്രിസ്ത്യാനികള്‍ , നൂറ്റാണ്ടുകളോളം അവരുടെ വ്യക്തിത്വം നിലനിര്‍ത്തിപ്പോന്നു. ശ്ലീഹന്മാരടെ കാലത്തുതന്നെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ വിവിധസഭകളായി (കൂട്ടായ്മയായി) രൂപംകൊണ്ടിരുന്നു. സംസ്‌കാരവൈവിദ്ധ്യമുള്ള ജനങ്ങളോടാണ് ശ്ലീഹന്മാര്‍ ക്രിസ്തുവിന്റെ സന്ദേശം പ്രസംഗിച്ചത്; അവരുടെ പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങളില്‍ , ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധങ്ങളായവ ഒഴിച്ച്, എല്ലാം തന്നെ തുടര്‍ന്നുകൊണ്ടുപോകുന്നതിന് ശ്ലീഹന്മാര്‍ അനുവദിച്ചിരുന്നു. അവര്‍ വ്യക്തികള്‍ക്കോ പ്രദേശങ്ങള്‍ക്കോ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങള്‍ക്കോ പ്രാധാന്യം കല്പിച്ചിരുന്നില്ല. മിശിഹാ ഒരു യൂദനായിരുന്നു; ശിഷ്യന്മാര്‍ എല്ലാം യൂദന്മാരായിരുന്നു. അക്കാരണം പറഞ്ഞ്, ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവരെയെല്ലാം യൂദസംസ്‌കാരത്തിന്റെ ഭാഗമാക്കാന്‍ ആദികാലത്ത് ചിലര്‍ പരിശ്രമിച്ചു. മൂശയുടെ നിയമങ്ങളിലും അനുഷ്ഠാനപാരമ്പര്യങ്ങളിലും കെട്ടിപ്പടുക്കപ്പെട്ട ഒരു സംസ്‌കാരമായിരുന്നു യൂദന്മാര്‍ക്കുണ്ടായിരുന്നത്. ഈ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്രമാദിത്വം നല്‍കി, ക്രൈസ്തവ വിശ്വാസത്തിന്, യൂദസംസ്‌കാരത്തിന്റെ ആവരണം അണിയിക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. വിശ്വാസം സ്വീകരിച്ച ഫരീസരില്‍ ചിലര്‍ പറഞ്ഞു, “''വിജാതീയര്‍ പരിഛേദനം ചെയ്യപ്പെടണം; മൂശയുടെ നിയമം അനുസരിക്കാന്‍ അവരോട് ആജ്ഞാപിക്കയും വേണം'' (നടപടി 15: 5). ഈ പ്രശ്‌നത്തെ സംബന്ധിച്ച് പത്രോസ് ഇങ്ങനെ തീരുമാനിച്ചു. വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളെ അവിടുന്നു വിശുദ്ധീകരിച്ചിരിക്കുന്നു. നാമും, അവരും തമ്മില്‍ യാതൊരു വ്യത്യാസവും അവിടുന്നു കല്പിക്കുന്നില്ല. ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ വഹിക്കാന്‍ കഴിയാതിരുന്ന നുകം ശിഷ്യന്മാരുടെ ചുമരില്‍വച്ച് നിങ്ങള്‍ എന്തിന് ദൈവത്തെ പരീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ ഈശോയുടെ കൃപയാല്‍ രക്ഷ പ്രാപിക്കുമെന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു'' (നടപടി 15: 10-12).
ക്രൈസ്തവ വിശ്വാസത്തെ, ഒരു സംസ്‌കാരത്തിന്റെ പരിവേഷം നല്‍കി, ഒരു ജനതയായി മാറ്റണം എന്ന് ഒരിക്കലും ശ്ലീഹന്മാര്‍ കരുതിയിരുന്നില്ല. അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച വിവിധ സഭകള്‍ (കൂട്ടായ്മകള്‍ ) അവരവരുടെ സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് വിശ്വാസം സ്വീകരിച്ചത്. വിശ്വാസം ''സ്വീകരിയ്ക്കുക എന്നത്, ആത്മീയമായ ഒരു പരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനത്തിന്റെ ഭൗതികമോ വ്യക്തിപരമോ ആയ പ്രകാശനം, ആ വ്യക്തിയുടെ പ്രവൃത്തിയില്‍ , ആ വിശ്വാസത്തിനുള്ള സ്വാധീനമാണ്; അല്ലാതെ വേഷവിധാനങ്ങളിലോ സംസാരഭാഷയിലോ ഒന്നും അത് പ്രദര്‍ശിപ്പിയ്‌ക്കേണ്ടതില്ല''. മിശിഹാ തന്റെ അന്ത്യ അത്താഴവേളയില്‍ , വിശ്വാസത്തിന്റെ കാതലായ അംശത്തെക്കുറിച്ച് വ്യക്തിപരമായി പ്രഖ്യാപിച്ചു. ''വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നില്‍ക്കൂടിയല്ലാതെ ഒരുത്തനും എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല........എന്നില്‍ വിശ്വസിക്കുന്നവന്‍ ഏവനോ, അവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും......എന്റെ കല്പനകള്‍ സ്വീകരിച്ചനുസരിക്കുന്നവനാണ് എന്നെ സ്‌നേഹിക്കുന്നവന്‍ ; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവ് സ്‌നേഹിക്കും; ഞാനും അവനെ സ്‌നേഹിക്കും; എന്നെത്തന്നെ അവന് വെളിപ്പെടുത്തികൊടുക്കുകയും ചെയ്യും'' (യോഹ 14) ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലുകള്‍ ഈ വിശ്വാസവും വിശ്വാസത്തില്‍നിന്നു ജന്യമാകുന്ന കര്‍മ്മവും അത്രേ.
കേരളസഭ
ഭാരതം ക്രൈസ്തവ വിശ്വാസം ആദ്യമായി സ്വീകരിച്ചത്, ക്രിസ്തു ശിഷ്യനായ മാര്‍ത്തോമ്മായില്‍ നിന്നാണെന്നു കരുതപ്പെടുന്നു. (മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യാപ്രവേശനത്തെക്കുറിച്ച്, ഭാവനാധനരായ എഴുത്തുകാരും കെട്ടുകഥ മെനഞ്ഞെടുക്കുന്നതില്‍ വിദഗ്ദ്ധരും പല അവിശ്വസനീയങ്ങളായ ഐതിഹ്യങ്ങളും പടച്ചിറക്കിയിട്ടുണ്ട്) ഈ വിശ്വാസ സ്വീകരണം, നമ്മെ ഇന്ത്യാക്കാരല്ലാതാക്കിത്തീര്‍ത്തില്ല. നാം കേരള സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമായിത്തന്നെ തുടര്‍ന്നു.
കോണ്‍സ്റ്റന്റയിന്റെ കാലം മുതല്‍ , റോമാസാമ്രാജ്യം ക്രിസ്തുമതത്തെ അംഗീകരിച്ചു. യൂറോപ്പിലും പൗരസ്ത്യരാജ്യങ്ങളിലും ക്രിസ്തുമതം പ്രചരിച്ചു. ക്രിസ്തുമതത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വകമായിരുന്നു. ഈ വളര്‍ച്ചയെ സഹായിക്കുന്നതിന്, ചരിത്രപരമായ ചില അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തില്‍ നിലനിന്ന സമാധാനം (Pora Romana) യാത്രാസൗകര്യം, മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ഉണ്ടായിരുന്ന യൂദകോളനികള്‍, (Diaspora) അടിമകളുടെയും പാവങ്ങളുടെയും - അവര്‍ക്കാണല്ലോ സുവിശേഷത്തിന്റെ, സ്‌നേഹസന്ദേശത്തിന്റെ കുളിര്‍കാറ്റ് കൂടുതല്‍ കുളിര്‍മ്മ നല്‍കുക - ദയനീയമായ ജീവിതവ്യവസ്ഥ എന്നിവയായിരുന്നു അതില്‍ പ്രധാനമായവ. 5-ാം ശതകത്തില്‍ റോമാസാമ്രാജ്യം രണ്ടായി ഭാഗിക്കപ്പെട്ടു കോണ്‍സ്റ്റന്റിനോപ്പിളിലും റോമിലും രണ്ട് ചക്രവര്‍ത്തിമാര്‍ സിംഹാസനത്തില്‍ ആരൂഢരായി. രാഷ്ട്രീയമായി വിഭജിക്കപ്പെട്ടതിനെതുടര്ന്ന് റോമാസാമ്രാജ്യം മതപരമായും വിഭജിക്കപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ , അന്ത്യോക്യാ, ബാബേല്‍ മുതലായ പാത്രിയാര്‍ക്കമാര്‍ , റോമയെ അനുസരിക്കാതെവന്നു. പാത്രീയാര്‍ക്കമാര്‍ തമ്മിലുള്ള മത്സരത്തില്‍ റോമാ വിജയിച്ചു. അതിനുകാരണം പൗരസ്ത്യറോമാസാമ്രാജ്യത്തെയും സഭകളെയും മുഹമ്മദീയശക്തി ഗ്രസിച്ചുകളഞ്ഞു എന്നതാണ്. ഏതായാലും, റോമാമാസഭയ്ക്ക് പൗരസ്ത്യസഭകള്‍ നഷ്ടപ്പെട്ടു. എങ്കിലും, യൂറോപ്പിനെ ഒറ്റക്കെട്ടായി, ഒരു അധികാരത്തിന്‍കീഴില്‍ നിറുത്താന്‍ റോമായ്ക്കു കഴിഞ്ഞു.
എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ , യൂറോപ്പിലെ ക്രൈസ്തവസഭ രണ്ടായി പിളര്‍ന്നു. പ്രൊട്ടസ്റ്റന്റ് വിപ്ലവമെന്നറിയപ്പെടുന്ന ഈ മതവിപ്ലവം യൂറോപ്പില്‍ മാര്‍പാപ്പായ്ക്കുണ്ടായിരുന്ന മതപരമായ മേല്‍ക്കോയ്മയെ വെല്ലുവിളിച്ചു. യൂറോപ്പിലെ രാജാക്കന്മാര്‍ , മതപരമല്ലാത്ത കാരണങ്ങളാല്‍ , ഇരുഭാഗത്തും ഉറച്ചുനിന്നു.
ഈ കാലഘട്ടത്തിലാണ് വാസ്‌കോഡിഗാമ ഇന്‍ഡ്യയിലേക്ക് കപ്പല്‍ മാര്‍ഗ്ഗമുള്ള വഴി കണ്ടുപിടിച്ചത്. ആ കാലഘട്ടത്തിന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു.
(1) മുന്‍സൂചിപ്പിച്ചതുപോലെ അക്കാലമത്രയും ഒന്നായിരുന്ന യൂറോപ്പിലെ ക്രൈസ്തവസഭ, രണ്ടായി പിളര്‍ന്നു കഴിഞ്ഞിരുന്നു. ഈ രണ്ട് വിഭാഗങ്ങളേയും നയിച്ചിരുന്നത്, യൂറോപ്പിലെ രാജാക്കന്മാരാണ്. പോര്‍ട്ടുഗല്‍ , സ്‌പെയിന്‍ എന്നീ യൂറോപ്യന്‍രാജ്യങ്ങള്‍ റോമാസഭയുടെ അചഞ്ചല പിന്‍തുണക്കാരായിരുന്നു. ഇംഗ്ലണ്ട്, ഡച്ച് എന്നീ രാജ്യങ്ങള്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് ഉറച്ച പിന്‍തുണ നല്‍കി. (2) ഈ കാലഘട്ടത്തിലാണ്, യൂറോപ്യന്‍ രാജ്യങ്ങള്‍ കച്ചവടരംഗത്ത് തീവ്രമത്സരവുമായി പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം കച്ചവടമായിരുന്നു. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്, ഓരോ രാജ്യത്തിന്റെയും പ്രാധാന്യം യൂറോപ്പില്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.
പൗരസ്ത്യരുമായുള്ള കച്ചവടത്തില്‍ പ്രമുഖസ്ഥാനം നേടുന്നതിനുവേണ്ടി കത്തോലിക്കാരാജ്യങ്ങളും പ്രൊട്ടസ്റ്റന്റു രാജ്യങ്ങളും പരസ്പരം മത്സരിച്ചു. കത്തോലിക്കാരാജ്യങ്ങളായ സ്‌പെയിനും പോര്‍ട്ടുഗലും റോമാമാര്‍പ്പാപ്പായുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പ്രത്യേകം അര്‍ഹരായി. മാത്രമല്ല പാര്‍പ്പാപ്പാ ഒരു കല്പന വഴി നൂതനലോകത്തെ സ്‌പെയിനിനും പോര്‍ട്ടുഗലിനുമായി പകത്തുകൊടുത്തു - അമേരിക്കയെ സ്‌പെയിനിനും ഇന്ത്യയെയും പൗരസ്ത്യദേശത്തെയും പോര്‍ട്ടുഗലിനും.
കച്ചവടത്തിനും സാമ്രാജ്യസ്ഥാപനത്തിനുമായി, മത്സരിച്ചിറങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മതപരമായ ചില സങ്കുചിത ഉദ്ദേശങ്ങള്‍കൂടി ഉണ്ടായിരുന്നു. തങ്ങളുടെ അധീനതയില്‍ വരുന്ന രാജ്യങ്ങളിലെ ജനങ്ങളെ മതപരമായി അതത് രാജ്യങ്ങളോട് അടുപ്പിച്ചുനിറുത്തുക. സാമ്രാജ്യ സംസ്ഥാപനത്തിനുവേണ്ടിമാത്രമുള്ള മത്സരമായിരുന്നില്ല ഇത്. മതപരമായ ഒരു മത്സരവും അന്ന് യൂറോപ്പില്‍ നിലവിലുണ്ടായിരുന്നു.
16-ാം നൂറ്റാണ്ടുവരെ കേരളത്തിലെ സഭ അതിന്റേതായ വ്യക്തിത്വവും ദേശീയ സ്വഭാവവും അന്യൂനം നിലനിര്‍ത്തിയിരുന്നു. (16-ാംനൂറ്റാണ്ടിനു മുന്‍പുള്ള കേരളസഭയില്‍ സെലുക്യന്‍, ബാബിലോണ്‍ സ്വാധീനം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും ആ ബന്ധം ഒരിക്കലും ആധിപത്യമായിരുന്നില്ല.) എന്നാല്‍ പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ ഈ ദേശീയവ്യക്തിത്വം നമുക്കു നഷ്ടപ്പെട്ടു.
റീത്തുകള്‍ എന്ന മാരണം
പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് റീത്തുവഴക്കുകള്‍ ശക്തിപ്പെട്ടത്. ഇന്നും ഈ റീത്ത് വഴക്ക് കേരള കത്തോലിക്കാസഭയില്‍ വളരെ ശക്തമായി കാണാം. ഈ റീത്തുവഴക്കുകളുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് ആരും ചുഴിഞ്ഞിറങ്ങിയിട്ടില്ല എന്നതാണ് സത്യം.
റീത്തുവഴക്കിന്റെ സുറിയാനിപക്ഷം പറയുന്നത്, കേരളസഭയുടെ കാനോനകളും കുര്‍ബ്ബാനയും ആചാരങ്ങളും എല്ലാം സുറിയാനിയിലായിരുന്നെന്നും ഡോ. മെനസ്സിസ്സ് എന്ന് പറങ്കിമെത്രാന്‍ അനധികൃതമായി വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ (1599)സുനഹദോസില്‍വെച്ചാണ് ലത്തീനീകരണം നടന്നതെന്നുമാണ്. ഈ സുനഹദോസിനുശേഷം തുടര്‍ച്ചയായി വിദേശമെത്രാന്മാര്‍ കേരളത്തിലെ കത്തോലിക്കാസഭയെ ഭരിച്ചു. ''കേരളത്തിലെ പ്രാചീനമായ സുറിയാനിറീത്ത് ലത്തീനീ കരിക്കുകയെന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. സുറിയാനിക്കാര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയും പൗരസ്ത്യസുറിയാനിമെത്രാന്മാരെ ലഭിക്കുവാന്‍ വേണ്ട യത്‌നങ്ങള്‍ തുടരുകയും ചെയ്തു.'' (എം. ഒ.ജോസഫ്, ക്രിസ്തുമതവും ഭാരതവും, പേജ് 40) പ്ലാസിഡ്‌പൊടിപാറയും മറ്റും ഈ വാദക്കാരാണ്. ഭാരതത്തെ മുഴുവന്‍ ഒരു സുറിയാനിഹൈരാര്‍ക്കിയുടെ കീഴില്‍കൊണ്ടുവന്ന്, എല്ലാം സുറിയാനീകരിക്കുമെങ്കില്‍ ഭാരതത്തിലെ കത്തോലിക്കാസഭ രക്ഷപ്പെട്ടുവെന്നാണ് ഇവരില്‍ പലരുടെയും വാദം. ലത്തീന്‍ വിദേശീയമാണ്; ലത്തീന്‍ കുര്‍ബ്ബാനക്രമവും, കാനോനകളും, കേരളത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നാണ് സുറിയാനിക്കാരുടെ വാദം.
ഈ വാദം ഉന്നയിക്കുന്നവരോട് ന്യായമായും ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. 16-ാം നൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന് പൂര്‍ണ്ണവ്യക്തിത്വത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഇന്ന് ലത്തീന്‍കാരെ കുറ്റപ്പെടുത്തുന്ന സുറിയാനിക്കാര്‍ 16-ാംനൂറ്റാണ്ടുവരെ ക്രൈസ്തവമായ ദൗത്യം നിറവേറ്റുകയുണ്ടായോ? നിങ്ങള്‍ എല്ലാ ജാതികളോടും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുനാഥന്റെ കല്പനയെ അനുസരിക്കാതെ, കള്ളി-കാളികാവ്, പകലോമറ്റം, ശങ്കുരി, മുതലായ ഇല്ലങ്ങളുടെ ആഢ്യത്വവും പറഞ്ഞ് ക്രിസ്തീയവിശ്വാസമെന്ന താലന്തിനെ കുഴിച്ചിട്ട്, വര്‍ഗ്ഗവിശ്വസ്തത കാണിച്ചിരിക്കുകയായിരുന്നില്ലേ? ഇന്നും, തെക്കുംഭാഗക്കാര്‍ക്ക് സുവിശേഷഘോഷണം ഉണ്ടോ? ലത്തീന്‍കാരുടെ ആഗമനത്തിനുശേഷം മാത്രമല്ലേ, ഇവിടെ പുറജാതികളോട് ക്രിസ്തുവചനം പ്രസംഗിക്കുവാന്‍ തുടങ്ങിയത്. മുക്കുവനും പുലയനും ഒന്നും ക്രിസ്തുവിന്റെ വചനവും രക്ഷയും ആവശ്യമില്ലെന്നു കരുതിയ ആഢ്യന്മാരായിരുന്നില്ലേ, പാരമ്പര്യമഹത്വം അവകാശപ്പെടുന്ന സുറിയാനിക്കാര്‍ ? ഈ നിലയ്ക്ക് മാറ്റം വരുത്തിയത് ലത്തീന്‍കാരായിരുന്നു. അതിന് തീര്‍ച്ചയായും അവര്‍ കൃതജ്ഞത അര്‍ഹിക്കുന്നു. അന്ന് സഭയുടെ ഭരണം എങ്ങിനെയായിരുന്നു എന്ന് നോക്കാം.
''പ്രായം ചെന്ന പുരുഷന്മാരും തദ്ദേശ വൈദികരും ഉള്‍പ്പെട്ട ഇടവകക്കാരുടെ യോഗമാണ്, ഓരോ സ്ഥലത്തേയുംപള്ളികളുടെ ഭരണം നടത്തിയിരുന്നത്. തദ്ദേശ വൈദികരില്‍ (ദേശത്തു പട്ടക്കാരില്‍) പ്രായം ചെന്നയാളാണ് അദ്ധ്യക്ഷനായിരിക്കുക. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. അകത്തോലിക്കരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടില്‍ ഈ സമ്പ്രദായം ഇന്നും തുടര്‍ന്നുപോകുന്നു. മേല്‍ പറഞ്ഞ ഇടവകയോഗം പള്ളിയുടെ ഭൗതിക സ്വത്തുക്കളുടെയും, ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും, മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസ്സുകള്‍ തീരുമാനിക്കുന്നത് ഈ യോഗമാണ്. മഹറോന്‍വരെയുള്ള ശിക്ഷകളും യോഗം നല്‍കിയിരുന്നു.......പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പലയിടവകകളുടെ പ്രതിനിധികള്‍(പുരുഷന്മാര്‍ ) ഒരുമിച്ചുകൂടി, തീരുമാനങ്ങള്‍ എടുത്തിരുന്നു. അകത്തോലിക്കരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ലത്തീന്‍ സ്വാധീനം മൂലം, പതിനെട്ടാം നൂറ്റാണ്ടിനുശേഷം, അഥവാ കുറച്ചുകൂടി കഴിഞ്ഞ്, ഇതുപേക്ഷിക്കേണ്ടിവന്നു''. (കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ -പ്ലാസിഡ് പൊടിപാറ; പേജ് 121-123) he Malabar church thus presented the appearance of a Christian Republic (Malabar X'tiars placid p.3)കേരള സഭയുടെ ഭരണം നടത്തിയിരുന്നത് തെരഞ്ഞെടുക്കപ്പെട്ട (?) അര്‍ക്കാദിയാക്കോനായിരുന്നു.
ലത്തീന്‍ റീത്തിനെ എതിര്‍ത്തുകൊണ്ട്, ഭാരതത്തിലെ ക്രിസ്ത്യാനികളുടെ വ്യക്തിത്വം സ്ഥാപിക്കാന്‍ വേണ്ടി വാദിക്കുന്നവര്‍ ഇന്ന് ലത്തീന്‍ലിറ്റര്‍ജി, കാനോനനമസ്‌കാരം, അനാഫെറുകള്‍ , കൂദാശവചനങ്ങള്‍ മുതലായവയെപ്പറ്റിയാണ് സംസാരിക്കുന്നത്.
റീത്തു വഴക്കിന്റെ ലക്ഷ്യം
സുറിയാനി റീത്തിന്റെ പുനസ്ഥാപനത്തിനുവേണ്ടി വാദിക്കുന്നവര്‍ , ലത്തീന്‍കാര്‍ കൊണ്ടുവന്ന ആചാരാനുഷ്ഠാനങ്ങളെ മാത്രമാണ് എതിര്‍ക്കുന്നത്. എന്നാല്‍ ആദിമസഭയുടെ ഉള്‍ഭരണത്തില്‍ ഇടവകയോഗങ്ങള്‍ക്കും അല്‍മേനികള്‍ക്കും ഉണ്ടായിരുന്ന ഉന്നത സ്ഥാനത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. മെത്രാന്മാരും ആര്‍ച്ചുബിഷപ്പന്മാരും കര്‍ദ്ദിനാളന്മാരും എല്ലാം അടങ്ങിയ ഭരണകൂടം യഥാര്‍ത്ഥത്തില്‍ ലത്തീന്‍കാരുടെ സംഭാവനയല്ലേ? ഇടവകയോഗങ്ങളെയും, അല്‍മായരെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പോര്‍ത്തുഗീസുകാര്‍ കെട്ടിപ്പെടുത്ത റോമന്‍ ഭരണസമ്പ്രദായത്തിലുള്ള സഭാഭരണം പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ സുറിയാനി വാദക്കാര്‍ തയ്യാറാണോ? മുതലവായന്‍ തൊപ്പിയും വടിയും മുടിയും ചുവന്ന അരക്കെട്ടും മെത്രാസന അരമനകളും കൊവേന്തയും പ്രയോരും ജനറാളുമെല്ലാം ലത്തീനില്‍ നിന്നു നാം കടമെടുത്തതാണ്. കേരളത്തിലെ ദൈവമക്കളായ ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കപ്പെട്ട ''ഈ നുകം''മാറ്റാന്‍ ഭാരതവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ തയ്യാറാണോ? ലത്തീന്‍കാരും പോര്‍ട്ടുഗീസുകാരും കൊണ്ടുവന്ന അധികാരപ്രവണതയും സ്ഥാനങ്ങളും, ഭരണരീതിയും വേണം! അതുവെച്ച് ഒന്നു ''ഭാരതവല്‍ക്കരിച്ചു''കളയാമെന്നാണ് ചിലരുടെ വാദം.
ഇതിന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഇപ്പോള്‍ കേരളത്തില്‍ 22 മെത്രാന്മാരുണ്ട്. ഭാരതത്തില്‍ അഞ്ഞൂറും അറുനൂറും ക്രിസ്ത്യാനികളുള്ള സ്ഥലത്ത് കൂടുതല്‍ രൂപതകള്‍ സ്ഥാപിച്ച് മെത്രാസനഅരമനകള്‍ നിര്‍മ്മിച്ച് റോമില്‍ നിന്ന് പണം വരുത്തി അധികാരം ഭരിക്കണം. എന്ന്, എക്‌സാര്‍ക്കുകള്‍ക്കുവേണ്ടി പരക്കം പായുകയാണ് രൂപതക്കാരും സന്യാസസഭകളും. വടക്കേഇന്ത്യയില്‍ പുതിയപുതിയ രൂപതകള്‍ സ്ഥാപിച്ച് ''അജ്ഞാനികളെ മാനസാന്തരപ്പെടുത്തു''ന്നതില്‍ എന്തു ശുഷ്‌കാന്തിയാണ് !! ഇതുകണ്ടാല്‍ ഈ ഭക്തിതീഷ്ണതക്കാരുടെ സുവിശേഷപ്രസംഗങ്ങള്‍കൊണ്ട് കേരളത്തില്‍ ഇനി ആരും മാനസാന്തരപ്പെടാന്‍ ഇല്ലെന്നു തോന്നും!! പണ്ട് പറങ്കിമെത്രാന്മാര്‍ സ്ഥാനമാനങ്ങള്‍ക്കായി, മതപ്രചരണ വ്യാജേന ഇന്ത്യയില്‍ വന്ന്, അവരുടെ ആധിപത്യം സ്ഥാപിച്ചതുപോലെ, സുറിയാനിക്കാര്‍, പൗരസ്ത്യറീത്തിന്റെ സംഘത്തെ പ്രീണിപ്പിച്ച്, വടക്കേ ഇന്ത്യയില്‍ , തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം മാത്രമാണ് ഭാരതവത്ക്കരണം എന്ന മുദ്രാവാക്യം.
യഥാര്‍ത്ഥമായ ഭാരതവത്ക്കരണം വിദേശീയരായ പോര്‍ത്തുഗീസുകാര്‍ ഭാരതീയ ക്രിസ്ത്യാനികളുടെ മേല്‍ കെട്ടി വെച്ച റോമന്‍ ഭരണരീതി തുടച്ചു നീക്കണം. ഇടവകയുടെ സ്വത്ത് ഇടവകക്കാരുടേതായിരുന്നു; പള്ളിയോഗങ്ങള്‍ ഇന്ന് ബിഷപ്പിന് എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാവുന്ന സംഘടനകളാണ്. പള്ളി സ്വത്തിന്റെ ഉടമകളെ അതിന്റെ സൂക്ഷിപ്പുകാരായി മാറ്റി. മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും പള്ളിയുടെ സ്വത്തിന്മേല്‍ യാതൊരു അവകാശാധികാരങ്ങളും ഉണ്ടായിരുന്നില്ല. അവര്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ മാത്രം വ്യാപൃതരായിരുന്നു.
ലത്തീനീകരണംകൊണ്ട് ഇടവകയോഗങ്ങള്‍ക്ക് നഷ്ടപ്പെട്ടതും, പറങ്കിമെത്രാന്മാര്‍ ഏറ്റെടുത്തതുമായ പള്ളികളുടെ ഭൗതിക സ്വത്തുക്കളുടെമെലുള്ള അധികാരം, അതിന്റെ യഥാര്‍ത്ഥ ഉടമകളായ പള്ളിയോഗത്തിന് വിട്ടുകൊടുക്കണം. ലത്തീന്‍ നിയമമനുസരിച്ച് ,സ്ഥാപിക്കപ്പെട്ടതും, മദ്ധ്യകാലയൂറോപ്പിലെ സന്യാസ സഭകളെ അനുസ്മരിപ്പിക്കുന്നതുമായ സന്യാസ സഭകളെ, ഭാരതത്തിന്റെ പൗരാണിക സന്യാസവൃതത്തിനനുയോജ്യമായി പരിവര്‍ത്തനം ചെയ്യിക്കണം. അവയെ അല്‍മേനികളുള്‍പ്പെട്ട ഒരു സമിതി നിയന്ത്രിക്കണം. അധികാരം എന്ന പദം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളുടെ കണ്ണിലൂടെ കാണാന്‍ തയ്യാറാകണം; റോമന്‍ രാഷ്ട്രമീമാംസയുടെ നിര്‍വച്ചനത്തിലൂടെയല്ല അതിനെ കാണേണ്ടത്. ഭാരതത്തിന്‍രെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്തെന്നുപോലും പഠിക്കാന്‍ തയ്യാറാകാതെ, ആ സാംസ്‌കാരിക പൈതൃകത്തിന്റെ മുല്യങ്ങളെ സ്വാംശീകരിക്കാതെ, അധികാരാര്‍ജ്ജനത്തിനുവേണ്ടി മാത്രം മുഴക്കുന്ന ഈ ''ഭാരതവല്‍ക്കരണമുദ്രാവാക്യം'' അര്‍ത്ഥശൂന്യവും, അപഹാസ്യവുമാണ്.
സുറിയാനി വിദേശീയമല്ലേ?
''ഭാരതവല്‍ക്കരണത്തെ''ക്കുറിച്ച് പറയുമ്പോഴും, ദേശീയതയെക്കുറിച്ചു വാദിക്കുമ്പോഴും അന്തിമമായി ചെന്നെത്തുന്നത് സുറിയാനി പ്രമാണിത്വത്തിലാണ്. സുറിയാനിഭാഷയും വിദേശീയമാണ്. സുറിയാനി റീത്തും വിദേശീയമാണ്. പോര്‍ത്തുഗീസുകാരു വരുന്നതിന് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് സുറിയാനി ഭരണം കേരളത്തില്‍ വന്നു. അതുകൊണ്ട് സുറിയാനിയാണ്. ഭാരതത്തിന്റെ ദേശീയപാരമ്പര്യമെന്നു പറയുന്നത് അര്‍ത്ഥശൂന്യവും, ചരിത്രത്തിനു നിരക്കാത്തതുമാണ്. മാര്‍ത്തോമ്മാശ്ലീഹാ, ഇവിടെ വന്ന്,ക്രിസ്തുവിന്റെ രക്ഷകരകര്‍മ്മത്തിന് സാക്ഷിനില്‍ക്കുകയും, ജനങ്ങളെ ആ വിശ്വാസത്തിലേക്ക് മാനസാന്തരപ്പെട്ടവരെ സുറിയാനി പഠിപ്പിക്കുകയല്ലായിരുന്നു ചെയ്തത്. കാനായി തൊമ്മന്‍ എന്ന വാണിഗ്വരന്‍ കേരളത്തില്‍ മാര്‍ ജോസഫ് എന്ന പട്ടക്കാരനുമായി എത്തിയശേഷമാണ്, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സുറിയാനിയുമായി ബന്ധപ്പെടുന്നത്. ക്രിസ്തുവിന്റെ പഠനങ്ങള്‍ , കാല, ദേശ, ഭാഷകള്‍ക്ക് അതീതമാണ്. അതിന്, പ്രത്യേക ലിറ്റര്‍ജിയും, ആരാധനാരൂപവും ആവശ്യമില്ല. മലയാളത്തിലും, തമിഴിലും പ്രാര്‍ത്ഥിച്ചാലും, ദൈവത്തിനു മനസ്സിലാകും. പിന്നെ എന്തിന് ദൈവത്തിന്റെ ഭവനത്തില്‍ ഈ റീത്തു വഴക്ക്?
അധികാരം
മുമ്പ് സൂചിപ്പിച്ചതുപോലെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ് റീത്തു വഴക്ക്, വിശ്വാസികളില്‍ , ഈ വിഭാഗീയചിന്ത വളര്‍ത്തിയെടുത്ത് കൂടുതല്‍ അധികാരങ്ങള്‍ സമാര്‍ജ്ജിക്കുന്നതിന്, അധികാര കാംക്ഷികളുടെ ഗൂഢഅടവ് മാത്രമാണ് ഇത്. കടലില്‍ അദ്ധ്വാനിക്കുന്ന ലത്തീന്‍കാരനും മലയോരങ്ങളില്‍ മണ്ണിനോടു പടപൊരുതുന്ന സുറിയാനിക്കാരനും, ആശ്വാസമരുളുന്നത്'' ലത്തീനും സുറിയാനിയുമല്ല. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരട്ടെ, അവരെ ഞാന്‍ ആശ്വസിപ്പിക്കും' എന്ന് അരുളിചെയ്തത് അദ്ധ്വഗന്റെഅത്താണിയായ് മിശിഹായാണ്. ആ മിശിഹായുടെ പേരില്‍, ഈ പാവപ്പെട്ടവരുടെ മറവില്‍, അധികാരത്തിനുവേണ്ടിയുള്ള മത്സരം മാത്രമാണ്. ഈ റീത്തു വഴക്ക്. അത് അധികാരമോഹികളുടേതാണ്. ''ലോറന്‍സിനും'', ''ഔസേപ്പിനു'' ഈ വഴക്കില്‍ ഒരു താല്പര്യവും ഉണ്ടാകേണ്ട കാര്യമില്ല.
''കപടഭക്തരായനിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റേയും പുറംശുദ്ധമാക്കുന്ന; അകമേ കവര്‍ച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. കരുടരായ പ്രീശരേ, പാനപാത്രത്തിന്റെയും, ഭക്ഷണപാത്രത്തിന്റേയും പുറംകൂടി ശുദ്ധമാക്കുവാന്‍ വേണ്ടി ആദ്യമേ തന്നെ അവയുടെ അകം ശുദ്ധമാക്കുവിന്‍ . കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ,നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ നിങ്ങള്‍ വെള്ളതേച്ച് പുറമേ ഭംഗിയുള്ളവരായി കാണപ്പെടുമെങ്കിലും അകമേ, മരിച്ചവരുടെ അസ്ഥികളും സകലവിധമ്ലേച്ചതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു ശവക്കല്ലറകളോട് തുല്യരാകുന്നു. ഇപ്രകാരം തന്നെ നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു. അകമേ ദുഷ്ഠതയും, കപടഭക്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
No comments:
Post a Comment