Wednesday, February 20, 2019

കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി - നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി,

കത്തോലിക്കാ സഭാ നവീകരണരംഗത്ത് ചരിത്രമായി -  നിശബ്ദവിപ്ലവമായി ഓപ്പൺ ചർച്ച് മുവ്‌മെന്റ്. സഭാനേതൃത്വത്തിന്റെ അനീതിയുണ്ടായാൽ അടിയന്തിരഘട്ടങ്ങളിൽ മൃതസംസ്‌കാരശുശ്രൂഷയുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നൽകുവാൻ സംഘടന തയ്യാറെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ജെയിം എന്നിവർ.

സംഘടനയുടെ പ്രവർത്തനങ്ങളിലേയ്‌ക്കോരു തിരിഞ്ഞുനോട്ടം.

ക്രിസ്തീയ സഭകളുടെ ആരംഭം മുതൽ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും വളർച്ചക്കും തളർച്ചക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാസഭയിൽ ഇന്ന് അനീതികളുടേയും ചുഷണത്തിന്റേയും ഭീഷണിയുടേയും  ലൈംഗീക അരാജകത്വത്തിന്റേയും വാർത്തകളാണ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും പൊതുസമൂഹം ചർച്ചചെയ്യുന്നതും. ധാരാളം വൈദീകരും എന്തിന് മെത്രാൻ പോലും സ്ത്രീകളേയും കുട്ടികളേയും കന്യാസ്ത്രീകളേയും പീഡിപ്പിച്ചതിനും കൊലപാതകങ്ങൾ നടത്തിയതിനും സ്വവർഗ്ഗരതികൾക്ക് സെമിനാരിക്കുട്ടികളേയും മറ്റുകുട്ടികളേയും ഇരകളാക്കിയതിനും പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുന്നു. കോടികൾമുടക്കിയും ഇരകളെ ഭീഷണിപ്പെടുത്തിയും പതിനായിരക്കണക്കിന് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഒതുക്കിത്തീർക്കുന്നു. പള്ളിപണികളുടേയും കോമേഴ്‌സ്യൽ കെട്ടിടങ്ങളുടേയും ആശുപത്രികൾ സ്‌കൂളുകൾ-കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിർമ്മണത്തിലും നടത്തിപ്പിലും ദശലക്ഷകോടികളുടെ അഴിമതിനടക്കുന്നു. ന്യൂനപക്ഷ പരിരക്ഷയുടേയും ജീവകാരുണ്യ പ്രവർത്തനത്തിന്റേയും പേരിൽ വിദേശത്തുനിന്നും സർക്കാരിൽനിന്നും പൊതുസമൂഹത്തിൽനിന്നും കോടാനുകോടികൾ ക്രിസ്തീയ സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നു. റോമിന്റെ ഭരണഘടനയായ കാനോനിക നിയമം ഇന്ത്യയിലും നടപ്പാക്കി ഒരു സമാന്തര സർക്കാർ സംവിധാനം രാജ്യത്ത് സഭാനേതൃത്വം നടപ്പാക്കിയിരിക്കുന്നു. ഇത്തരം പേഴ്‌സണൽ ലോസ് രാജ്യത്തിന്റെ സിവിൽ ലോയ്ക്ക് ( ഇന്ത്യൻ ഭരണഘടനക്കു )കീഴിലാണെങ്കിലും മാറിമാറിവരുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ നമ്മുടെ ഭരണഘടനക്കു മുകളിൽ കാനോനികനിയമം പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രധാന മതവിഭാഗങ്ങൾക്ക് സർക്കാരിന്റെ ഏറെക്കുറെ നിയന്ത്രണത്തിനായി ദേവസ്വംബോർഡ്, വഖത്ത് ബോർഡ് ഗുരുദ്വാരബോർഡുകളുമൊക്കെയുണ്ട്. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ചോ സമ്പത്തിനേക്കുറിച്ചോ സർക്കാരുകൾക്കോ സഭയിലെ വിശ്വാസികൾക്കോ യാതോരു അറിവുമില്ല. കുറെ മെത്രാന്മാരുടേയും വൈദീകരുടേയും കന്യാസ്ത്രീകളുടേയും അവരുടെ ചില ബിനാമികളുടേയും കൈകളിലായി കണക്കറ്റ സമ്പത്ത് കേന്ദ്രികരിച്ചിരിക്കുന്നു. ഇത്തരം കണക്കറ്റ ധനവും സ്വാധീനമവുമുള്ളതുകൊണ്ട് സ്വന്തം വിശ്വാസികളെ ആത്മിയമായും ഭൗതീകമായും ഭീഷണിപ്പെടുത്തിയും അമർച്ചചെയ്തും ഇല്ലാതാക്കിയും സഭാനേതൃത്വം മുന്നോട്ടുപോകുന്നു. വോട്ടുബാങ്കും ധനവും കാട്ടി സർക്കാരുകളേയും രാഷ്ട്രീയക്കാരേയും പൊതുപ്രവർത്തകരേയും മെത്രാന്മാരുടെ നിലക്കുനിർത്തുവാൻ അവർക്കു കഴിയുന്നു. ക്രിസ്തീയ വിശ്വാസികളാകട്ടെ അവരവരുടെ മനോധർമ്മം അനുസരിച്ചാണ് വോട്ടുചെയ്യുന്നത് എന്നസത്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നാളിതുവരെ തിരിച്ചറിയുവാനും കഴിഞ്ഞിട്ടില്ല. 

മേൽപറഞ്ഞതെല്ലാം സൂചിപ്പിച്ചത് സഭക്കുള്ളിലെ അനീതികളെ എതിർക്കുന്നവിശ്വാസികളേയും പൊതുപ്രവർത്തകരേയും ഒതുക്കുന്നതിനും ഇല്ലാതാക്കുന്നതിനും മെത്രാന്മാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നു കാണിക്കുവാനാണ്. 
സഭക്കുള്ളിലെ അനീതികൾ ചൂണ്ടിക്കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന വിശ്വാസികൾക്കുമേൽ ദൈവത്തിന്റേയും സ്വർഗ്ഗത്തിന്റെയും മോക്ഷത്തിന്റേയും അച്ചടക്കത്തിന്റേയുമൊക്കെ പേരിൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ചിട്ടുള്ള അന്തവിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും കൂദാശാ കർമ്മങ്ങളുടേയും പേരിൽ വിലക്കേർപ്പെടുത്തിയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയും  കള്ളക്കേസ്സുകളിൽ കുടുക്കിയും ഇരകളെ കൊന്നുതള്ളിയും, വൈദീകരുടെ ഉപഗ്രഹങ്ങളായ വിശ്വാസികളേയും ഗുണ്ടകളേയും ഉപയോഗിച്ച് കൈകാര്യം ചെയ്തും ഒതുക്കുകയാണ് ചെയ്യുന്നത്. ഇതിൽ കന്യാസ്ത്രീകളും കുട്ടികളും സഭാനവീകരണപ്രവർത്തകരും പൗരോഹിത്യം വിട്ടു പുറത്തുവന്നതും അകത്തുള്ളതുമായ നല്ല ആത്മിയ ചൈതന്യമുള്ള വൈദികരും കന്യാസ്ത്രീകളുമൊക്കെ മെത്രാന്മാരുടെ ലിസ്റ്റിൽ പെടുന്നു. ഇവിടെയാണ് സഭയിൽ നീതിനിക്ഷേധിച്ചവർക്കും പുറംതള്ളപ്പെട്ടവർക്കും നിരാശ്രയർക്കും ചെറുതരിവെട്ടമായി ,  കൈത്താങ്ങായി കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനമായ ഒപ്പൺ ചർച്ച് മൂവ്‌മെൻ്‌റി നിശബ്ദവിപ്ലവം അരങ്ങേറുന്നത്. 

എന്തുകൊണ്ടാണ് സഭയിലെ സന്യാസം ഉപേക്ഷിച്ച് പുറത്തുവന്നവരുടെ ദേശീയ സമ്മേളനം വിളിച്ചുകുട്ടിയത്.

2014-ൽ ചെറുതായി തുടങ്ങിവച്ച സംഘടന ഇന്ന് സഭാചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. 2015 ഫെബ്രുവരിയിൽ  ആഗോളകത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി, വ്യത്യസ്ഥകാരണങ്ങളാൽ  കത്തോലിക്കാസഭയിലെ സന്യാസം ഉപേക്ഷിച്ച് പുറത്തുവന്നവരുടെ ദേശീയ സമ്മേളനം കൊച്ചിയിൽ വിളിച്ചുകൂട്ടി. ഓപ്പൺചർച്ച് മൂവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫാ. കെ. പി. ഷിബു, ഫാ. മാണി പറമ്പേട്ട് , ഫാ. ജോസഫ് പള്ളത്ത്, ഫാ. എബ്രാഹം കൂത്തോട്ടിൽ , ഫാ. തോമസ് വെട്ടിക്കൽ കർണ്ണാടക,  ശ്രീ ജോർജ്ജ് കാട്ടേക്കര, ശ്രീ.  കെ. കെ. ജോസ് കണ്ടത്തിൽ, ശ്രീ. ജോർജ്ജ് മൂലേച്ചാലിൽ, ശ്രീ. സെബാസ്റ്റ്യൻ, ശ്രീ ജോസഫ് തോമസ്,  ശ്രീ. ജോസഫ് തീക്കോയി, ശ്രീ. കുര്യാച്ചൻ, ശ്രീ.  എം.എൽ. ആഗസ്തി തുടങ്ങി നിരവധിപേരുടെ അത്യധ്വാനമാണ് സമ്മേളനം വൻവിജയമാക്കിത്തീർത്തത്. 
 ഡൽഹിയുൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നുമായി 613 പേർ പങ്കെടുത്ത മഹാസമ്മേളനവിവരങ്ങൾ ദേശീയ അന്തർദേശിയമാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ടു ചെയ്തത്. സഭക്കുള്ളിൽ നിറഞ്ഞുകവിയുന്ന ഭൗതീകതക്ക് ആത്മിയത വഴിമാറിക്കൊണ്ടിരിക്കുന്ന വലിയ മാറ്റമാണ് ഇപ്പോൾ നടക്കുന്നത് .സഭക്കുള്ളിൽ ആത്മീയ ചൈതന്യമുള്ള ധാരാളം വൈദികരും കന്യാസ്ത്രീകളും ഉണ്ട്. ഇവരിന്ന് തീർത്തും അവഗണിക്കപ്പെട്ടുകഴിഞ്ഞു. അവരെല്ലൊംതന്നെ പ്രതികരിക്കുവാൻ കഴിയാതെ അകത്തളങ്ങളിലെ കോണുകളിലേയ്ക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. പാർശ്വവത്ക്കരിക്കപ്പെട്ട ഇവരുടെമുന്നിൽ രണ്ടുവഴികൾമാത്രമാണുള്ളത് . ഒന്നുകിൽ അകത്തളങ്ങളിൽ മെഴുകുതിരി ഉരുകുന്നതുപോലെ സ്വയം ഇല്ലാതാവുക. അല്ലെങ്കിൽ പുറത്തേയ്ക്കുവരിക. പുറത്തേയ്ക്കുവരുന്നവരെ കാത്തിരിക്കുന്നത് അതികഠിനമായ ജീവിത യാഥാർത്ഥ്യങ്ങളാണ്.  സഭയുടെ അകത്തളങ്ങളിലെ രഹസ്യങ്ങളറിയാവുന്ന ഈനല്ലമന്യഷ്യർ സമൂഹത്തിലേക്കിറങ്ങിവരുന്നത് അപകടകരമാണ് എന്നതിരിച്ചറിവുള്ള സഭാനേതൃത്വം വളരെ നേരത്തേതന്നെ അവർക്കു ചാർത്തിക്കൊടുത്ത പട്ടമാണ് മഠംചാടിയെന്നും മതിലുചാടിയെന്നുമുള്ള വിശേഷണവും പൈശാചികതയും. ഇതിനും പുറമേ പത്തും മുപ്പതും വർഷങ്ങൾ സഭക്കുവേണ്ടി സേവനം ചെയ്ത ഇവർക്ക് പോരുമ്പോൾ ഒരു രൂപപോലും നൽകുന്നില്ലെന്നുമാത്രമല്ല പലതരത്തിലുള്ള പീഡനവും ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതിനും പുറമെ സ്വന്തം നാട്ടിൽ തിരസ്‌കരിക്കപ്പെടുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇടവകതലത്തിൽ നടത്തി അവരെ അപമാനിക്കുകയും അവഹേളിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽ കയറുന്നതിനും കഴിയുന്നില്ല. അവരുടെ അർഹമായ കുടുംബവിഹിതം മറ്റുകുടുംബാഗംങ്ങൾ പങ്കിട്ടെടുത്തിട്ടുമുണ്ടാവുമെന്നതിനാൽ അവരും,സ്വത്തും മാനക്കേടും ഭയന്ന് ഇവരെ വീട്ടിലോ നാട്ടിലോ സ്വീകരിക്കാറില്ല. അതുകൊണ്ടു തന്നെ പുറത്തുവരുന്ന ഈ നല്ലവൈദീകരും കന്യാസ്ത്രീകളും നാടുവിട്ട് വിദൂരസ്ഥലങ്ങളിലേയ്ക്ക് ഓടിപോകുന്നു. പലർക്കും കിടപ്പാടമോ ഭക്ഷണമോ കിട്ടാറില്ല. കുലിപ്പണിയോ മറ്റെന്തേങ്കിലും ചെറിയ പണികളോ ചെയ്ത് സന്യസ്തരായിരുന്നുവെന്ന് ആരും അറിയാതെ രഹസ്യമായി ജീവിക്കുന്നു. അപമാനം മൂലം പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ അവർക്ക് ധൈര്യമില്ല .ആരുടേയും ആശ്രയവുമില്ല. കൊലപാതകമടക്കം അപകടകരമായ കുറ്റകൃത്യങ്ങൾ ചെയ്ത് ഗത്യന്തരമില്ലാതെ പുറത്തുവരുന്ന ചെറിയൊരുവിഭാഗം പുരോഹിതരുമുണ്ട്. അവരെ ഇവിടെ പരിഗണിക്കുന്നില്ല. 

വൈദീക സെമിനാരികളിൽനിന്നുകിട്ടിയ പരിശീലനവും അവരുടെ നല്ല ആത്മീയ ചൈതന്യമുള്ള  മനസ്സും യേശുവിനോടും ക്രിസ്തീയതയോടും  സമുഹത്തോടുള്ള അവരുടെ പ്രതിബദ്ധതയും സേവനകാലത്തെ പരിചയസന്വത്തും നോക്കുമ്പോൾ അവരെ സമുഹത്തിനു തിരികെ ലഭിച്ചാൽ അവരുടെ അപാര കർമ്മശേഷിയും സാമൂഹീക സമർപ്പണവും സമൂഹത്തിനും ക്രിസ്തീയതക്കും  ചിന്തിക്കുവാൻ കഴിയാത്ത മുതൽക്കൂട്ടായിരിക്കുമെന്ന തിരിച്ചറിവും  എല്ലാവരാലും പുറംതള്ളപ്പെട്ട അവർക്ക് കൈത്താങ്ങാവുന്നതിനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്ന തിരിച്ചറിവുമാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റിനെ മുൻ പുരോഹിതരുടേയും കന്യസ്ത്രീകളുടേയും ദേശീയ സമ്മേളനം വിളിച്ചുകൂട്ടുന്നതിനും അവരുടെ സുരക്ഷക്കുവേണ്ടി പ്രവർത്തിക്കുന്നതിനും പ്രേരിപ്പിച്ചത്.നിരാലമ്പരായി പുറത്തുവരുന്ന വൈദീകർക്കും കന്യാസ്ത്രീകൾക്കും അടിയന്തിര താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ സഹായവും സംരക്ഷണവും ഓപ്പൺചർച്ച്മുവ്‌മെന്റ് നൽകിവരുന്നുണ്ട് .ഇവരിൽ ധാരാളം പേർ സംഘടനയോടു ചേർന്നു പ്രവർത്തിക്കുന്നുമുണ്ട്.

റെന്റേ പ്രീസ്റ്റ് സേവനം എന്തിന്?.

സഭാനവീകരണപ്രവർത്തന രംഗത്ത് നിരവധി ചെറുപരിപാടികൾ നടത്തിവരുന്നതിനിടയിൽ കത്തോലിക്കാസഭാ നവികരണപ്രവർത്തനരംഗത്ത് വലിയ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ട് 2016-ൽ റെന്റേ പ്രീസ്റ്റ് സേവനം നടത്തുന്നതിനുള്ള തീരുമാനം  ചെയർമാൻ റെജി ഞള്ളാനിയും സെക്രട്ടറിയായിരുന്ന ഫാ. ഷിബു കാളാംമ്പറമ്പിലും ചേർന്ന് എറണാകുളം പ്രസ്സ്‌ക്ലബിൽ വച്ച് പ്രഖ്യാപിക്കുകയുണ്ടായി . 
സഭയിലെ നവീകരണത്തിനുവേണ്ടി പ്രവർത്തിക്കുക, തെറ്റുകൾ ചുണ്ടിക്കാട്ടുക, ഇടവകവികാരിയോ മെത്രാനോ നിർദ്ദേശിക്കുന്ന നിർബന്ധിതപിരിവ് , ഗുണ്ടാപ്പിരിവ്, വിശ്വാസപ്പിരിവ്, വിവാഹപ്പിരിവ് ,മൃതസംസ്‌കാരപ്പിരിവ് , സെമിത്തേരി-കല്ലറപ്പിരിവ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന പിരിവിൽ കുറവുവരുത്തുക, തുടങ്ങിയകാര്യങ്ങൾ ചെയ്താൽ  ഇടവകവികാരി അവരെ പൊതുജനമധ്യത്തിൽ അപമാനിക്കലായി, അവർക്ക് ആത്മിയ ശുശ്രൂഷ നിഷേധിക്കലായി.
 വീടുവെഞ്ചിരിപ്പെന്ന കാര്യത്തിനും മരിച്ചവരുടെ ഓർമ്മദിനത്തിനും പണക്കിഴിയുടെ വലിപ്പം കുറഞ്ഞാൽ വികാരിയച്ചൻ കോപിക്കുക പതിവാണ്. വിശ്വാസികൾക്കാകട്ടെ മറ്റുമാർഗ്ഗവുമില്ല. അതിക്രൂരമായ ഈ നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന ചിന്തയാണ് ഓപ്പൺ ചർച്ച് മുവ്‌മെന്റിനെ റെന്റേ പ്രിസ്റ്റ് സേവനത്തിന് നിർബന്ധിതമാക്കിയത്. ഏതെങ്കിലും ഒരുവിശ്വാസിക്ക് ആത്മീയ ശുശ്രൂഷ നിഷേധിക്കപ്പെട്ടാൽ യാത്രാചിലവു മാത്രം നൽകിയാൽ മതി ഓപ്പൺ ചർച്ചുമുവ്‌മെന്റിനോട് ചേർന്നു പ്രവർത്തിക്കുന്ന വൈദീകർ നിക്ഷേധിക്കപ്പെട്ട ആത്മിയ ശുശ്രൂഷ ചെയ്തുനൽകിവരുന്നു. ഇതിനോടകം ആയിരക്കണക്കിന് വിശ്വാസികൾക്ക് സംഘടനയുടെ സേവനം ലഭിച്ചുകഴിഞ്ഞു. ഇത്തരം ശുശ്രൂഷകളെല്ലാം തന്നെ ബന്ധപ്പെട്ടവിശ്വാസിയുടെ വിശ്വാസത്തിനു ചേർന്നതും ക്രിസ്തീയ സഭയുടെ ചൈതന്യം നിലനിർത്തുന്നതും ക്രിസ്തുവിന്റെ ദർശനങ്ങൾക്ക് വിധേയപ്പെട്ടും വിശുദ്ധ ബൈബിളിന്റെ അന്തസത്ത ഉൾക്കൊണ്ടുമാണ്. ഇവയെല്ലാം സംഘടന ചെയ്യുന്വോൾ സഭാനേതൃത്വത്തിനോ സഭാ സമുഹത്തിനോ യാതോരു അപമാനമോ ഉതപ്പോ വരാതിരിക്കുവാൻ സംഘടന  പ്രത്യേകം ശ്രദ്ധിക്കുന്നു.സേവനം സ്വീകരിക്കുന്നവരുടെപേരുകൾപോലും പുറത്തുവിടാതെ കഴിയുന്നതും നിശബ്ദമായി നിർവഹിക്കുന്നു. 

2017-ലെ പെസഹാത്തിരുനാളിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകി പ്രതിക്ഷേധിച്ചതിന്റെ പ്രാധാന്യമെന്താണ്? . 
 കത്തോലിക്കാസഭയിൽ വിശ്വാസ സംരക്ഷണത്തിനായി ഏറ്റവുമധികം പരിശ്രമിക്കുന്നതും നടപ്പാക്കുന്നതും സ്ത്രീകളാണ് . കുടുംബ പ്രാർത്ഥനകൾക്ക്‌നേതൃത്വംനൽകുന്നതും പള്ളികളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്തിന് വൈദീകർ നൽകുന്ന അന്തവിശ്വാസങ്ങൾപോലും നടപ്പാക്കുന്നതിന്  മുന്നിൽ നിൽക്കുന്നത് സ്ത്രീകളാണ്. പള്ളികളിലേയ്ക്കള്ള അളവറ്റ കോടികളുടെ വരുമാനം സംഭാവനയിനത്തിൽ കിട്ടുന്നതിനു പിന്നിലും സ്ത്രീകളുടെ ഇടപെടലാണ്. എന്നാൽ സഭാനേതൃത്ത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ശാരീരികവും ആത്മിയവുമായ ഏതുതരത്തിലുള്ള ചൂഷണത്തിനും ഇരകളാകുന്നതും അപമാനിതരാകുന്നതും സ്ത്രീകളാണ്.  ഏതുതരത്തിൽ നോക്കിയാലും സഭയുടെ നട്ടെല്ല് സ്ത്രീകൾതന്നെയാണ്. എന്നാൽ സഭയിലിന്ന് ഏറ്റവും അധികം അവഗണിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും സ്ത്രീകളാണ്. സഭയിലെ ഓരോ വൈദീകരേയും കന്യാസ്ത്രീകളേയും ബിഷപ്പുമാരേയും കർദ്ദിനാൾമാരേയുമൊക്കെ വളർത്തിയെടുത്ത് പ്രാപ്തരാക്കിയതിൽ അവരുടെ അമ്മമാരുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. അധികാരത്തിലെത്തിയാൽ ഇതെല്ലാമിവർ മറക്കുകയാണ്. അഭിവന്ദ്യ ഫ്രാൻസീസ് മാർപ്പാപ്പ ഇതെല്ലാം പരിഗണിച്ചിട്ടാകാം കത്തോലിക്കാ സഭയിൽ പെസഹാദിനത്തിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിമാതൃക കാട്ടിയതും സഭയിൽ ഇങ്ങനെ ചെയ്യണമെന്ന് നിർദ്ദേശിച്ചതും . അപലപനീയമെന്നു പറയട്ടെ സീറോമലബാർ സഭയിൽ ഫാദർ റോബിന്റേതുൾപ്പടെയുള്ള പീഡനകേസ്സുകൾ ഉയർന്നുവരികയും മാനന്തവാടി രുപതയിലെ പള്ളിമേടകളിൽ ഏതെല്ലാം സ്ത്രീകൾ വരുന്നു എന്നുകാണുവാൻ സി. സി. ടിവി വച്ചതുമൊക്കെ ഇക്കാലത്താണ്.ഇതിനവർ പറയുന്ന ന്യായം സ്ത്രീകളും കന്യാസ്ത്രീകളും പെൺകുട്ടികളുമാണ് പുരോഹിതരെ വഴിതെറ്റിക്കുന്നത് എന്നാണ് .കൂടാതെ പെസഹാതിരുനാളിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതർക്ക് അധമവികാരം ഉണ്ടാകുമെന്നുവരെ അവർ പറഞ്ഞുവച്ചു. 
സഭ ഈ നിലപാടുമാറ്റി മാർപ്പാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സ്ത്രീകളെ അവഹേളിക്കരുതെന്നും ആവശ്യപ്പെട്ട് സംഘടന അഭിവന്ദ്യ ആലംഞ്ചേരി പിതാവിന് നിവേദനം നൽകി . പുരോഹിതർക്ക് ഈ ഘട്ടത്തിൽ അധമവികാരം ഉണ്ടാകുമെന്ന വാദം ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലെന്നും, പിന്നെങ്ങനെയാണ് പള്ളികുർബനയിൽ പരിശുദ്ധകുർബാന സ്ത്രീകൾക്ക് പുരോഹിതർ നൽകുന്നതെന്നും നിവേദനത്തിൽ ചോദിക്കുകയുണ്ടായി.    ഇത് നല്ല പുരോഹിതരെ ആകമാനം അപമാനിക്കലാണെന്നും നിവേദനത്തിൽ സംഘടന പറഞ്ഞിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ സഭാനേതൃത്വം ഈ നിവേദനം തള്ളിക്കളയുകയാണുണ്ടായത്.
 ഇത് സാമൂഹിക നീതിക്കുനിരക്കാത്തതും സ്ത്രീകളോടുള്ള കടുത്ത അവഗണനയുമാണെന്ന് മനസ്സിലാക്കി സംഘടന മാർപ്പാപ്പക്കു നേരിട്ടുപിൻതുണ നൽകുകയുണ്ടായി. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വൻ മാധ്യമസംഘത്തിന്റെ സാനിധ്യത്തിൽ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ പ്രവർത്തകരും പുരോഹിതരും ചേർന്ന് സ്ത്രീകളെ മാത്രം അണിനിരത്തി കൊച്ചിയിൽ വച്ച്  കാലുകഴുകൽ ശുശ്രൂഷനടത്തി മാതൃകയായി. സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളായി പത്തുവയസ്സിനു താഴെയും പതിനഞ്ചിനും മുപ്പതിനുമിടയിലും മുപ്പത്തഞ്ചിനും അൻപതിനുമിടയിലും അൻപത്തഞ്ചിനുമുകളിലും എന്നി പ്രായത്തിൽ പെട്ട നാലു വിഭാഗത്തിൽപെട്ടവരുടെ പാദങ്ങളാണ് കഴുകിയത് . സീറോമലബാർ സഭയുടെ കീഴിലുള്ള ഒരു അത്മീയ സംഘടന ഈ സഭയുടെ നിർദ്ദേശം വിട്ട് മാർപ്പാപ്പക്ക് നേരിട്ട് പിൻതുണ നൽകിയ സംഭവം വേറേയുണ്ടായിട്ടില്ല.
 കാലുകഴുകൽ ശുശ്രൂഷകൾക്ക് ഓപ്പൺചർച്ച്മുവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനി ഫാദർ എബ്രാഹം കൂത്തോട്ടിൽ ഫാ. കെ. പി. ഷിബു, ഫാ. ക്ലമന്റ് ഫാ. ഫ്രാൻസീസ്, ഫാ. ജോസഫ് പള്ളത്ത് , എം. എൽ. ആഗസ്തി, അരോമ റോസ്, നീന ഷിബു,കെ. ജോർജ്ജ് ജോസഫ്, അഡ്വ. ജോസ് അരയകുന്നേൽ, തുടങ്ങിയ നിരവധി പേർ നേതൃത്വം നൽകി. കാലുകഴുകൽ ശുശ്രൂഷകൽക്കു ശേഷം പെസഹാഅപ്പംമുറിക്കൽ ചടങ്ങും നടന്നു. ഈ മഹാസംഭവം സഭയിൽ സ്ത്രീ ശാക്തീകരണരംഗത്ത് വലിയൊരു മാറ്റത്തിനു തുടക്കംകുറിച്ചുകഴിഞ്ഞു. കന്യാസ്ത്രീകൾ പോലും നീതിക്കുവേണ്ടിപോരാടുവാൻ പരസ്യമായി തെരുവിലിറങ്ങുന്നതിനും ഫ്രാങ്കോമുളക്കലിനെപ്പോലുള്ള ശക്തന്മാർക്കുപോലും പിടിച്ചുനിൽക്കുവാൻ കഴിയാതെ പീഡനക്കേസ്സിൽ ജയിലിൽ പോകേണ്ടിയുംവന്നു. പതിനാറു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിതിന് ഫാ. റോബിന് മൂന്നു വകുപ്പുകളിലായി അറുപതുവർഷം ജയിൽവാസം ലഭിച്ചിരിക്കുന്നു. സഭയിൽ സ്ത്രീകളുടേയും കന്യാസ്ത്രീകളുടേയും പോരാട്ടങ്ങൾക്ക് ഫലംകണ്ടുതുടങ്ങിരിക്കുന്നു. 

ആദ്യത്തെ പുരസ്‌കാരം. 
 കത്തോലിക്കാ സഭാനവീകരണപ്രവർത്തനരംഗത്തെ ആദ്യത്തെ അവാർഡ്  2018-ൽഓപ്പൺചർച്ച്മൂവ്‌മെന്റ് പ്രഖ്യാപിച്ചു.

പടുകൂറ്റൻപർവ്വതം പോലെ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നീരാളിയെപ്പോലെ പിടിമുറുക്കിയിരിക്കുന്ന കത്തോലിക്കാ സഭയിലെ അനീതികൾക്കെതിരെ ശബ്ദിക്കുവാൻ വിരളിലെണ്ണാവുന്നവർ മാത്രമേ മുന്നോട്ടുവരാറുള്ളു. ചിലരെല്ലാം കുടിച്ചേർന്ന് സംഘടനകളായി പ്രവർത്തിക്കുന്നുമുണ്ട്. സഭയുടെ ആസുത്രിതമായ അവിഹിത ഇടപെടലും ഉരുക്കു മുഷ്ടിയും ഉപയോഗിച്ച് സഭാനവികരണപ്രവർത്തകരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയോ ഇല്ലായ്മ ചെയ്യുകയോ, അപമാനിക്കുകയോ കള്ളക്കേസ്സിൽ കുടുക്കുകയോ ചെയ്തുവരുന്നു. ഇവർക്ക് സമൂഹത്തിൽ യാതൊരുവിധ അംഗീകരങ്ങളും ലഭിക്കാതിരിക്കുവാൻ സഭാനേതൃത്വം ശക്തമായി ഇടപെടുന്നു. എന്നാൽ  എത്രമാത്രം ദുഷ്‌കർമ്മങ്ങൾ ചെയ്യുന്ന വ്യക്തിയുമാകട്ടെ അവർ പള്ളിക്കമ്മറ്റിയും മെത്രാനുമൊക്കെയുമായി അടുപ്പത്തിലായാൽ അവരെല്ലാം വിശുദ്ധപദവികിട്ടിയവരേപ്പോലെയാകുകയാണ്. 
 നീതിക്കും ന്യായത്തിനും സഭയിൽ വിലയില്ലാത്തസാഹചര്യത്തിൽ. സഭയിലെ അനീതികൾക്കും അന്തവിശ്വാസങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ പോരാടുന്നവരുടെ എണ്ണം വർദ്ധിക്കുകയും അവർ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിൽ മാത്രമേ ശരിയായ സഭാനവീകരണം സാധ്യമാവു എന്ന തിരിച്ചറിവാണ് സഭാനവീകരണപ്രവർത്തനരംഗത്തെ മഹനീയ സാന്നിധ്യമാകുന്നവർക്കു വേണ്ടി പ്രഖ്യാപിച്ച ഓപ്പൺചർച്ച്മൂവ്‌മെന്റ് എക്‌സലൻസ് അവാർഡ്. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 
ബിഷപ്പ് ഫ്രാങ്കോമുളക്കലാൽ പീഡിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് എതാനും കന്യാസ്ത്രീകൾ പരാതിപ്പെട്ടപ്പോൾ ,അവർക്ക് നീതിഉറപ്പാക്കുവാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചിസ്‌ക്വയറിൽ നടന്ന ജനകീയസമരത്തിന് ആദ്യ ദിനം നിരാഹാരസമരം ആരംഭിച്ച  80 കാരനായ അഡ്വ. ജോസ് അരയകുന്നേലാണ്. സമരത്തിനവസാനം ബിഷപ്പ് ഫ്രാങ്കോമുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു ബിഷപ്പ്, പീഡനക്കേസ്സിൽ അറസ്റ്റിലാകുന്നത് ഇന്ത്യയിലാദ്യത്തെസംഭവമാണ്. 
സഭാനവികരണരംഗത്തെ സംഭാവനകളെ മാനിച്ച് അഡ്വ. ജോസ് അരയകുന്നേലിന് പ്രഥമ  'ഓപ്പൺചർച്ച്മൂവ്‌മെന്റ് എക്‌സലൻസ് അവാർഡ്  2018 'നൽകി ആദരിച്ചു.   എറണാകുളം പ്രസ്സ്‌ക്ലബിൽ വച്ചുനടത്തിയ മീറ്റിംങ്ങിൽ ചിന്തകനും എഴുത്തുകാരനുമായ ശ്രീ. ജോസഫ് കാലായിൽ സംഘടനയുടെ ട്രഷറർ ശ്രീ. ഓ.ഡി. കുര്യാക്കോസ്, ശ്രീ. മാനുവൽ കൊച്ചി. എന്നിവരുടെ സാനിധ്യത്തിൽ  ചെയർമാൻ റെജി ഞള്ളാനിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. തുടർന്നുള്ള വർഷങ്ങളിലും മികച്ച സഭാനവികരണപ്രവർത്തകർക്ക് അവാർഡുനൽകുന്നതാണ്. ഇത്തരത്തിലുളള അംഗീകാരങ്ങൾ സഭയിൽ നഷ്ടപ്പെട്ടുപോയ ആത്മിയ ചൈതന്യം തിരികെ കൊണ്ടുവരുവാൻ കാരണമാകുമെന്ന് സംഘടന വിശ്വസിക്കുന്നു. 

കത്തോലിക്കാവിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കാമെന്ന് വത്തിക്കാൻ
മാർപ്പാപ്പക്കു പിൻതുണയുമായി ഓപ്പൺചർച്ച്മുവ്‌മെന്റ്. 

കത്തോലിക്കാവിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കാമെന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം 2016 ഒക്ടോബർ 25ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് വിശ്വാസത്തിന് എതിരല്ലെന്നും വത്തിക്കാൻ പറയുന്നു. ശവദാഹം ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് അത് നിക്ഷേധിക്കരുതെന്ന് കാനോനിക നിയമത്തിൽ 1983-ൽതന്നെ സഭ വ്യക്തമാക്കിയിരുന്നു. 1990-ൽ പൗരസ്ത്യസഭകൾക്കുള്ള കാനോൻ നിയമത്തിലും എടുത്തുപറയുന്നു.  വത്തിക്കാനിൽ നിന്നും വിപ്ലവകരമായ തീരുമാനം ഉണ്ടായിട്ടും ഇന്ത്യയിലെ സഭകളിൽ ഇത് നടപ്പാക്കുവാൻ തയ്യാറാകാത്തത് എന്ത് എന്ന് പരിശോധിക്കണം. കാരണം വ്യക്തമാണ്. കാലങ്ങളായി വിശ്വാസ സമൂഹത്തിന്റെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അന്തവിശ്വാസവും കല്ലറക്കച്ചവടത്തിൽനിന്നും ലഭിക്കുന്ന കോടികളുടെ വരുമാനവുമാണെന്ന് വ്യക്തമാണ്. ഒരു കല്ലറക്ക് ഒരുലക്ഷം മുതൽ പതിനഞ്ചു ലക്ഷംവരെയാണ് വിലഈടാക്കുന്നത് . കുറച്ചു വർഷങ്ങൾ കഴിഞ്ഞാലോ പള്ളിമാറ്റിസ്ഥാപിച്ചാലോ  ഈ കല്ലറകൾ സഭക്കുവീണ്ടും തിരികെഎടുക്കുവാൻകഴിയും. 
താത്പര്യമുള്ളവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിനെ സമീപിച്ചാൽ സംഘടനയുടെ നേതൃത്വത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സഹായം ചെയ്തുകൊടുക്കുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു . ഇക്കാര്യത്തിൽ താത്പര്യമുള്ളവരുടെ സംസ്ഥാനതലത്തിലുള്ള മീറ്റിംഗ് മധ്യകേരളത്തിലെ   തൊടുപുഴയിൽ ഏപ്രിൽമാസം വിളിച്ചുകൂട്ടുന്നതാണ്. മൃതദേഹം ദഹിപ്പിക്കുന്നതിന് ഇടവകപള്ളി പുരോഹിതർ തയ്യാറാകാതെവന്നാൽ ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടു ചേർന്നുനിൽക്കുന്ന വൈദീകരുടെ സേവനം നൽകുന്നതാണ്.  


നീതിക്കുവേണ്ടി വീണ്ടും തിരുവസ്ത്രമണിഞ്ഞവർ ചരിത്രത്തിന്റെ ഭാഗമായിമാറി.

2019- ജനുവരി 11-ന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ നേതൃത്വത്തിൽ തിരുവസ്ത്രമുപേക്ഷിച്ച വൈദികർ നീതിക്കുവേണ്ടി തിരുവസ്ത്രമണിഞ്ഞ് പരിശുദ്ധകുർബാന അർപ്പിച്ചു. തിരുവനന്തപുരത്തെ ബാലരാമപുരം പള്ളിയിലാണ് ചരിത്രസംഭവമുണ്ടായത്. കഴിഞ്ഞ പത്തുമാസമായി ഈ ദേവലയത്തിന് മെത്രാൻ വിലക്കേർപ്പെടുത്തി  അടച്ചിട്ടിരിക്കുകയായിരുന്നു. 
ഈ സംഭവം  ആഗോള കത്തോലിക്കാസഭയിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇത് വലിയ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ രൂപതകളിൽമാത്രമല്ല അങ്ങ് റോമിന്റെ അകത്തളങ്ങളിൽ വരെ ചൂടുപിടിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും  തിരികൊളുത്തിക്കഴിഞ്ഞു ഈ സംഭവം.  തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിൽ നടന്ന ഈ സംഭവം ആഗോള കത്തോലിക്കാ സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും ഇടയാക്കുമെന്നതിൽ യാതോരു സംശയവുമില്ല.
തിരുവനന്തപുരം ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയത്തിലെ ആത്മീയ ശുശ്രൂഷകൾ നടത്തുവാനുള്ള ഉത്തരവാദിത്വം തിരുവനന്തപുരം രുപതക്കും പിന്നീട് നെയ്യാറ്റിൻകര രുപതക്കുമാണ്. ഇവിടുത്തെ മൂവായിരത്തിലധികം വരുന്ന വിശ്വാസികൾക്ക് രൂപത ഇടക്കിടക്ക് ആത്മീയ ശുശ്രൂഷകൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുക.  ?
തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുള്ള പ്രധാന പാതയുടെ ഇടത്താവളമായിരുന്നു ബാലരാമപുരം.ആൾതാമസം കുറവുള്ള ഈസ്ഥലത്ത് 18-ാം നൂറ്റണ്ടിൽ  കളളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം അനുദിനം വർധിച്ചുവന്നിരുന്നു.ആൾതാമസമുണ്ടായാൽ ഇവരുടെ ശല്യം അവസാനിക്കുമെന്നുകരുതിയ തിരുവിതാകൂർ രാജാവ് 1851-ൽ മണലിക്കര(കളിയിക്കാവിള) നിന്നും മുക്കുവരേയും വള്ളിയൂരിൽനിന്നും ശാലിയാരേയും കോട്ടാറിൽ നിന്നും വണികരെയും വെള്ളാളചെട്ടിമാരെ ശുചിന്ദ്രത്തിൽനിന്നും മുസ്ലീങ്ങളെ കുളച്ചൽ നിന്നും കൊണ്ടുവന്ന് താമാസിപ്പിച്ചു. അവർക്ക് ഭൂമിയുൾപ്പെടെ മറ്റുസൗകര്യങ്ങളും ചെയ്തുകൊടുത്തു. ഇതിലെ ചില വ്യക്തികൾ അഞ്ചേക്കറോളംവരുന്ന ഭൂമി തങ്ങളുടെ മുക്കുവസമുദായത്തിനായി മാറ്റിവച്ചു. അതിനുള്ളിൽ ഒരു പ്രാർത്ഥനാലയവും കുരിശടിയും  അവർ പണിതു. മുക്കുവ സമുദായത്തിൽ താമസിക്കുവാൻ വീടുകളില്ലാതിരുന്ന ധാരാളം പേരുണ്ടായിരുന്നു അവി
ടെ.   പൂർവ്വികരായിരുന്ന കുറേആളുകൾ ചേർന്ന് മേൽപറഞ്ഞ സ്ഥലത്തോടുചേർന്ന് പിന്നീട് കുറേസ്ഥലങ്ങൾ സമുദായത്തിന്റെ പേരിൽ വാങ്ങുകയും (അതിപ്പോൾ 18 ഏക്കറോളം വരുന്നു). സ്വന്തമായി വിടില്ലാത്തവരെ അവിടെ താമസിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ 500-ൽപരം കുടുംബങ്ങൾ ഈ സമുദായ സ്ഥലത്താണ്  താമസിക്കുന്നത്. 750തോളം കുടുംബങ്ങളിൽനിന്നായി 5000-ത്തോളം  മുക്കുവ  ലത്തീൻ ആളുകളുമുണ്ട് ഈ ഇടവകപ്പള്ളിയിൽ. മുൻപ് പൂർവ്വീകർ ആരംഭിച്ച ഈ സ്ഥലത്തെ പ്രാർത്ഥനാലയമാണ് ഇന്നത്തെ വിശുദ്ധ സെബാസ്ത്യാനോസ് ദേവാലയം .  സമുദായത്തിന്റെ ഈ സ്ഥലത്ത് പള്ളിക്കുപുറമേ അരയേക്കറോളംവരുന്ന സ്ഥലത്ത് ശ്മശാനവുമുണ്ട.് ഇതിനും പുറമേ പള്ളിക്കൂടം ,കല്യാണമണ്ഡപം, മറ്റു കടകൾ എന്നിവ സമുദായത്തിന് സ്വന്തമായുണ്ട് . ഇതെല്ലാം തന്നെ ഈ മുക്കുവ ലത്തീൻ സമുദായ അംഗങ്ങൾ  പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും വിയർപ്പൊഴുക്കി ചില്ലിക്കാശുകൾ സ്വരൂപിച്ച് കാലങ്ങൾകൊണ്ട് ഉണ്ടാക്കിയതാണ്. ഇതിൽ ഒരു ചില്ലിക്കാശുപോലും കത്തോലിക്കാ സഭക്കോ വൈദീകർക്കോ മറ്റാർക്കെങ്കിലുമോ മുടക്കില്ലാത്തതാണ്.പട്ടണത്തിന്റെ ഒത്തനടുവിൽ സ്ഥിതിചെയ്യുന്ന ഈ സ്വത്തുക്കൾക്കിന്ന് നൂറുകോടിക്കുമേൽ വിലമതിക്കുവാനാകും. 
പൂർണ്ണമായും സ്വതന്ത്രമായുണ്ടായിരുന്ന ഈ ദേവാലയത്തിൽ ആദ്യകാലങ്ങളിൽ ബെൽജിയംകാരായ വൈദികരാണ് ആത്മീയ ശുശ്രൂഷകൾ  നൽകിയിരുന്നത്. പിന്നീട് തിരുവനന്തപുരം രുപതയുടെ കീഴിലും  നെയ്യാറ്റിൻകര രൂപതയുടെ കീഴിലുമായി ഇവിടം . ഈ ദേവലയത്തിൽ ആത്മിയ ശുശ്രൂഷക്കായി എത്തുന്ന വൈദീകർക്ക് പ്രതിമാസം 2200 രുപ അലവൻസായും കുർബാനഒന്നിന് 200 രുപയും മറ്റു നേർച്ചപ്പണവും കിട്ടുന്നു. ഇതെല്ലാംകൂടി ശരാശരി നാൽപതിനായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ ഒരു മാസം ലഭിക്കുന്നു. ഇതിനും പുറമേ ഓരോ കുടുംബത്തിന്റേയും വരുമാനത്തിന്റെ 5% (രണ്ടുലക്ഷത്തിനും മുന്നുലക്ഷത്തിനുമിടയിൽ) വർഷം തോറും ഗുണ്ടാപ്പിരിവെന്നപോലെ രൂപതയിലേയ്ക്കടക്കുന്നു. ഇതിനും പുറമേ രൂപത നിർദ്ദേശിക്കുന്ന പിരിവുകൾ വേറെയും നൽകണം.
ഇത്രയുമെല്ലാം ലഭിച്ചിട്ടും മെത്രാന്മാരുടെ അത്യാർത്തി കുടിക്കുടിവരികയും സ്ഥലവും പള്ളിയും ശ്മശാനമുമെല്ലാം രൂപതക്ക് സ്വന്തമാണെന്നുകാട്ടി തിരുവനന്തപുരം മെത്രാൻ ജേക്കബ്ബ് അച്ചാരുപറമ്പിൽ OS 252/88-ാം നമ്പരായി തിരുവന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനും പുറമേ കുർബാന മുടക്കുക, വിവാഹം നടത്തിക്കൊടുക്കാതിരിക്കുക, പള്ളിപ്പെരുനാളിന് അനുവാദം നൽകാതിരിക്കുക, മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തിക്കൊടുക്കാതിരിക്കുക തുടങ്ങിയ അതിക്രൂരമായ നടപടികൾ മെത്രാൻ സ്വീകരിക്കുക പതിവായിരുന്നു.  
ഈ കേസ്സിൽ മെത്രാൻ പരാജയപ്പെട്ടെന്നുമാത്രമല്ല  കോടതിചിലവ് ലത്തീൻ മുക്കുവ സമുദായത്തിന് നൽകണമെന്നും വിധിയായി. 
പിന്നീട് നെയ്യാറ്റിൻകര മെത്രാൻ വിൻസന്റ് സാമുവൽ പള്ളിയുടേയും സ്ഥലത്തിന്റെയും ശ്മശാനത്തിന്റെയും ഫിനാൻസു കമ്മറ്റിയുടേയും  മേൽ പിടിമുറുക്കുകയായിരുന്നു. ഇടവകവിശ്വാസികൾക്ക് കൂദാശകർമ്മങ്ങളിൽ വിലക്കേർപ്പെടുത്തി പീഡിപ്പിക്കുക പതിവായി. അവസാനം സ്വത്തുക്കൾ മുഴുവനും മെത്രാനു കിട്ടുന്നതുവരെ പള്ളിക്കും കൂദാശാകർമ്മങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ആത്മിയ ശുശ്രൂഷകളില്ലാതെ പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവിൽ പതിനെട്ടോളം പേർ മരണമടഞ്ഞു. ഇവരുടെ മൃതസംസ്‌കാരശുശ്രൂഷകൾ വളരെ കിലോമീറ്ററുകൾ ദുരത്തുള്ള മറ്റുപള്ളികളിൽ ബോഡി കോണ്ടുപോയി ഒപ്പീസ് ചൊല്ലി തിരികൊണ്ടുവന്ന് സ്വന്തം പള്ളിസെമിത്തേരിയിൽ അടക്കേണ്ടിവന്നു. ഇതിൽ രണ്ടുപേർക്ക് യാതോരുവിധ പ്രാർത്ഥനകളുമില്ലാതെ നായ്ക്കളെ മറവുചെയ്യുന്നതുപോലെ സംസ്‌കരിക്കേണ്ടിവന്നു. രണ്ടുവർഷമായി ആദ്യകുർബാനസ്വീകരണത്തിനായി തയ്യാറായിനിൽക്കുന്ന 28 കുട്ടികൾക്ക് അതിന് അനുവാദം കിട്ടിയിട്ടില്ല. മൂന്നുപേർ സ്ഥൈര്യലേപനത്തിനും ഒരാൾ വിവാഹത്തിനും കാത്തുനിൽക്കുന്നു. ഇതിനെല്ലാമുപരി ഇവരുടെയെല്ലാം ഹൃദയത്തിലും ഭവനങ്ങളിലും നിത്യജീവിതത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന വിശുദ്ധന്റെ തിരുനാളും മെത്രാൻ വിലക്കുകയും സമീപ പള്ളികളിൽ പരസ്യമായി വിലക്ക് അറിയിക്കുകയുംചെയ്തു. അതിക്രൂരമായ നടപടിയാണ് മെത്രാന്മാർ വിശ്വസികൾക്കുമേൽ സ്വീകരിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, സഭാനേതൃത്വം കാലങ്ങൾകൊണ്ട് പാവപ്പെട്ട വിശ്വാസസമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ടുള്ള വേലിക്കെട്ടുകൾ തീർത്ത്, ചങ്ങലക്കിട്ടുപൂട്ടി അതിനുള്ളിൻ തീകൊളുത്തിയാൽ ആ പാവങ്ങൾക്ക് അതിൽ വെന്തു വെണ്ണീറാകുകയല്ലാതെ മറ്റെന്താണ് മാർഗ്ഗം. അവരുടെ കിടപ്പാടം കിട്ടിയാലേ തൃപ്തിവരുകയുള്ളുവെന്ന മെത്രാന്മാരുടെ ക്രൂരമായ നിലപാട് ആർക്കാണ് അംഗീകരിക്കുവാൻ കഴിയുക. വിശുദ്ധന്റെ തിരുനാളാഘോഷിക്കാത്ത ജീവിതത്തേക്കുറിച്ച് നിസ്സഹയരായ ഈ പാവംജനതക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. ഇതിനായി പല ദേവാലയങ്ങളിലേയും സഭകളിലേയും വൈദീകരെ അവർ തിരഞ്ഞു നടന്നു മെത്രാന്റെ വിലക്കുള്ള പള്ളിയിൽ വരുവാൻ ആരും തയ്യാറായില്ല. ഹൃദയം നുറുങ്ങിയ ബാലരാമപുരം ഇടവകക്കാർ  അവസാനം  കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച്മുവ്‌മെന്റിനെ സമീപിക്കുകയായിരുന്നു. 
സഭാനേതൃത്വത്തിന്റെ അതിക്രൂരമായ നടപടികളെക്കുറിച്ച് ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കമ്മറ്റികൂടി അതീവ ഗൗരവമുള്ള ഈ വിഷയം ചർച്ചചെയ്തു. സഭക്കുള്ളിലെ അനീതികൾക്കെതിരെ സന്ധിയില്ലാസമരംനടത്തി പോരാട്ടവീര്യവുമായി മനം മടുത്ത് തിരുവസ്ത്രം ഉപേക്ഷിച്ചു പുറത്തുപോന്ന, വിവാഹിതരായി മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ഫാദർ ജോസഫ് പള്ളത്ത് , ഫാദർ ജോൺ , ഫാദർ ജെയിം എന്നിവർ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഈ സാധുജനങ്ങളുടെ വേദനയിൽ പങ്കുചേർന്ന്‌കൊണ്ട്  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളാകുകയായിരുന്നു.  നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിനിടയിൽ  ഒരിക്കൽ  ഉപേക്ഷേിക്കേണ്ടിവന്ന കർത്താവിൽ മുദ്രിതമായ തിരുവസ്ത്രങ്ങളണിഞ്ഞ് അതീവ ഭയഭക്തിബഹുമാനത്തോടെ ദിനംപ്രതി നാലും അഞ്ചും  ദിവ്യബലികൾ അവർ ബാലരാമപുരം പള്ളിയിൽ വിശ്വാസികൾക്കുവേണ്ടി അർപ്പിക്കുകയും പരിശുദ്ധകുർബാന നൽകുകയും ചെയ്തുകൊണ്ട്  പത്തുദിവസം നീണ്ടുനിന്ന വിശുദ്ധന്റെ തിരുനാൾ കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തിക്കൊടുത്തു. ഇടവക വിശ്വാസികളെ സംബന്ധിച്ച ്മരുഭൂമിയിൽ പെയ്തിറങ്ങിയ മഴയുടെ അനുഭവമായിരുന്നു. സ്വർഗ്ഗീയനുഭൂതിയുടെ നിമിഷങ്ങളായിരുന്നു അവർക്ക് കടന്നുപോയ പത്തുദിവസങ്ങൾ. 

ഈ സംഭവം സഭയുടെ അകത്തളങ്ങളിൽ ചൂടുപിടിച്ച പലതരം ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നു.സഭാനേതൃത്വം വിശ്വസികളോട് ഇത്രയധികം ക്രൂരത കാട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. കത്തോലിക്കാ സഭയിൽനിന്നും തിരുവസ്ത്രം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവർക്കും സമൂഹത്തെ ലഭിച്ചാൽ മറ്റു വൈദീകരരെപ്പൊലെ കൂദാശാ കർമ്മങ്ങൾ ചെയ്യാം. കാരണം വൈദീക പട്ടം ലഭിച്ചയാൾ അദ്ദേഹത്തിന്റെ മരണം വരെ പുരോഹിതനാണ്. ഒരുമെത്രാൻ ഒരു വൈദികനെ വേണ്ടെന്നുവയ്ക്കുകയോ വൈദീകൻ മെത്രാനെ വേണ്ടെന്നു വയ്ക്കുകയോ ചെയ്താൽ രൂപതക്കുള്ളിലെ ക്ലെർജി സ്റ്റാറ്റസ് മാത്രമേ അദ്ദേഹത്തിനു നഷ്ടമാകുന്നുള്ളു. പൗരോഹിത്യം നഷ്ടമാകുന്നില്ല. 
വിവാഹം കഴിച്ച വൈദികരേയും നേരിട്ട് അംഗീകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതേയുളളുവെന്നാണ് കഴിഞ്ഞ ദിവസം പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത,് ഇത് ലോകം കേട്ടതാണ്. കത്തോലിക്കാസഭയിലെതന്നെ ചില സഭകളിലും യാക്കോബായ സി.എസ്സ്.ഐ. പോലുള്ള സഭകളിലെ വൈദീകർ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്നവരാണ് .ഇവരർപ്പിക്കുന്ന കുർബാനയിൽ കോടിക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നുമുണ്ട്. വി. ബൈബിളിൽ ഒന്ന് തിമേത്തിയോസ് രണ്ടിൽ വളരെ വ്യക്തമായി പറയുന്നു പുരോഹിതൻ വിവാഹിതനായിരിക്കണമെന്ന്. അമേരിക്കയിലെ മാറോനൈറ്റ് കത്തോലിക്കാസഭയിലെ വിവാഹിതനായ  വിസാം അക്കീക്കിയെന്ന ഡീക്കനെ വൈദികനാക്കാൻ ഫ്രാൻസീസ് മാർപ്പാപ്പ അനുവാദംനൽകുകയും 2014 ഫെബ്രൂവരി 27-ന് തിരുപ്പട്ട ശുശ്രൂഷ നടക്കുകയും ചെയ്തു. 

വിവാഹം കഴിച്ച പുരോഹിതരിൽ നിന്നും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ച സംഭവങ്ങൾ അത്യപൂർവമായേ ഉണ്ടാകാറുള്ളു എന്നാൽ അവിവാഹിതരായ പുരോഹിതരുടേയും മെത്രാന്മാരുടേയും പേരിൽ പതിനായിരക്കണക്കിന് ഇരകളോടാണ് മാർപ്പാപ്പമാർ കാലാകാലങ്ങളിൽ മാപ്പുചോദിക്കുന്നത്. മ്ലേശ്ചതകളിൽ പരിലസിക്കുന്ന പതിനായിരക്കണക്കിന് അവിവാഹിതരായ പുരോഹിതർ പരിശുദ്ധ ബലിപീഠം അശുദ്ധമാക്കുകയാണ്. ഇവരുടെ ബലികളിൽ പങ്കെടുക്കുന്ന വിശ്വാസികളും അതുവഴി പാപികളായിമാറുന്നു. 
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തിരുവസ്ത്രമുപേക്ഷിച്ചവർ വീണ്ടുമതണിയുന്നത്. അതും സഭാനേതൃത്വത്തിന്റെ കിരാത നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ട്. 
പത്തുദിവസത്തിനുള്ളിൽ ദിവ്യബലിക്കിടെ പരിശുദ്ധ കുർബാന സ്വീകരിച്ചവർ പതിനാറായിരത്തിനടുത്തുവരും.മെത്രാന്മാരുടെ ശക്തമായ വിലക്കുണ്ടായിരുന്നിട്ടും നാട്ടിലും പുറത്തുനിന്നുമായി ഇരുപത്തയ്യായിരത്തിലധികം ആളുകൾ തിരുനാളിൽ പങ്കുകൊണ്ടു. സഭാനേതൃത്വത്തിനെതിരെയുള്ള വിശ്വാസികളുടെ അവിശ്വാസം കൂടിയാണ് ഇവിടെ കണ്ടത്. 
സഭയിൽ നടക്കുന്ന അനീതികൾക്കെതിരെയുള്ള വിശ്വാസികളുടെ നിശബ്ദമായ പ്രതിക്ഷേധമാണിവിടെ അലയടിച്ചത്.  

വിശ്വാസികൾക്ക് നിരന്തരമായി ആത്മിയ ശുശ്രൂഷനൽകുവാനുള്ള ലക്ഷ്യവും ഉത്തരവാദിത്വവും സംഘടനക്കില്ല. ഇതിന്റെ പേരിൽ ഒരുവിശ്വാസിപോലും പീഡിപ്പിക്കപ്പെടരുതെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.സ്വത്തിന്റെ പേരിലുള്ള വിലപേശൽ സഭാനേതൃത്വം അവസാനിപ്പിക്കണം ആ പാവങ്ങളുടെ കിടപ്പാടം വിശ്വാസത്തിന്റെ മറവിൽ തട്ടിയെടുക്കരുത്.  ബാലരാമപുരം പള്ളിയിൽ അടിയന്തിരമായി അത്മിയ ശുശ്രൂഷനൽകുവാൻ നെയ്യാറ്റിൻകര രൂപത തയ്യാറാകണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ ആവശ്യപ്പെടുകയാണ്. സഭാനേതൃത്വം ഇതിനു തയ്യാറാകാതെ വന്നാൽ ഈ വിഷയം സംഘടനാപരമായി കൈകാര്യം ചെയ്യുവാനാണ് തീരുമാനം .കത്തോലിക്കാ സഭക്കുള്ളിൽ നീതി നിക്ഷേധിക്കുന്നവരുടെ പക്ഷത്തായിരിക്കും സംഘടനയെന്നും നിലകൊള്ളുക. 
ആവശ്യഘട്ടങ്ങളിൽ മൃതസംസ്‌കാര ശുശ്രൂഷയുൾപ്പടെയുള്ള ആത്മിയ ശുശ്രൂഷനൽകുന്നതിനും സംഘടന സജ്ജമാണെന്ന് ചെയർമാൻ റെജി ഞള്ളാനി, ഫാദർ ജോസഫ് പള്ളത്ത് എന്നിവർ പറഞ്ഞു. 





റെജി ഞള്ളാനി ,
ചെയർമാൻ .
ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
ഫോൺ. 9447105070.













6

No comments:

Post a Comment