Saturday, February 17, 2018

പാവങ്ങളെ സഹായിക്കാനുള്ള 'സേവ് എ ഫാമിലി' പദ്ധതിയുടെ പേരിൽ കാനഡയിൽ നിന്നും എടയന്ത്രത്ത് മെത്രാൻ സ്വരൂക്കൂട്ടിയത് കോടികൾ; 23 കോടി പിരിച്ചെടുത്തിട്ടും എത്ര സാധു കുടുംബങ്ങൾക്ക് സഹായം എത്തിച്ചു എന്നതിന് കണക്കില്ലെന്ന് ആരോപണം; കർദിനാളിനെതിരെ പടനയിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാനെതിരെ നിരവധി ചോദ്യങ്ങൾ ഉയർത്തി മറുപക്ഷം: കോടികളുടെ കണക്കുകൾ കേട്ട് അന്തംവിട്ട് വിശ്വാസികളും

February 08, 2018 | 02:49 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുകളെ ചൊല്ലി തുടങ്ങിയ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടി ഒരു വിഭാഗം ആസൂത്രണം ചെയ്തതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന ആരോപണം ശക്തമായിരിക്കേ തന്നെ സഭയിലെ മറ്റ് പദ്ധതികളിലും സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപണം. കർദിനാളിനെതിരെ വൈദികരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന് എതിരായാണ് ആരോപണം ഉയരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, കർദിനാളാണ് എല്ലാത്തിനും കാരണക്കാരനെന്നാണ് മാർ എടയന്ത്രത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്.
വിഷയത്തിൽ എടയന്ത്രത്തിനെതിരെയും ആരോപണങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്തെത്തിയിരിക്കയാണ് കർദിനാളിനെ അനുകൂലിക്കുന്ന വിഭാഗം. ആലഞ്ചേരി പിതാവിനെതിരെ പട നയിച്ച സെബാസ്റ്റ്യൻ മാർ എടയന്ത്രത്ത് നേതൃത്വം കൊടുക്കുന്ന 'സേവ് എ ഫാമിലി' പദ്ധതിയുടെ ഭാഗമായി ക്രമക്കേടുകൾ ഉണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണങ്ങളോട് മെത്രാൻ പ്രതികരിക്കണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സേവ് എ ഫാമിലി പദ്ധതിയിലേക്ക് പ്രതിവർഷം കോടികൾ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിരിച്ചെടുക്കുന്നുണ്ടെന്നും പാവങ്ങളെ സഹായിക്കാൻ വേണ്ടിയുള്ള ഈ പദ്ധതി പ്രകാരം എത്ര പാവങ്ങൾക്ക് സഹായം കിട്ടിയെന്ന കാര്യം അറിവില്ലെന്നും കർദിനാൾ അനുകൂലികൾ പറയുന്നു. കാനഡയിൽ നിന്നും പിതാവിന്റെ പേരിൽ ഉള്ള സേവ് എ ഫാമിലിക്ക് പ്രതിവർഷം വരുന്നത് കോടികളാണ്. അഭിവന്ദ്യ പിതാവ് മെത്രാൻ ആകുന്നതിനു മുൻപ് പതിമൂന്നു വർഷത്തോളം കാനഡയിൽ ഈ പദ്ധധിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു എന്ന കാര്യമാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും ഫണ്ട് വൈദികർ തന്നെ വകമാറ്റി ചിലവഴിക്കുന്നു എന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാനഡയിലേക്കും വത്തിക്കാനിലേക്ക് വരെ പരാതി അയക്കുമെന്നും ഒരു വിഭാഗം പറയുന്നു. സേവ് എ ഫാമിലി പദ്ധതിയുടെ അമരത്ത് ഇപ്പോഴും സെബാസ്റ്റ്യൻ മാർ എടയന്ത്രത്താണെന്നതും ആരോപണം ശക്തമാകാൻ ഇടയാക്കുന്നു.
സെബാസ്റ്റ്യൻ എടയന്ത്രത്ത് മെത്രാൻ തലവനായിട്ടുള്ള സേവ് എ ഫാമിലി പദ്ധധിക്ക് കാനഡയിൽ നിന്നും വരുന്ന കോടിക്കണക്കിനു രൂപ പൊതുവേ കനേഡിയൻ ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന്റെ വിനിയോഗം സംബന്ധിച്ച് എറണാകുളത്തുള്ള ചില വൈദികരോട് അന്വേഷിച്ചപ്പോൾ അവർക്ക് പോലും അറിയില്ല എന്നാണ് പറഞ്ഞത്. കാനഡയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം പ്രതിവർഷം ശരാശരി നാലരലക്ഷം കനേഡിയൻ ഡോളർ (ഏകദേശം ഇരുപത്തി മൂന്നു കോടിയോളം രൂപ ) ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ഈ ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ വിവാദമായത്, സുതാര്യതക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ ദയവായി ഇതിൽ വ്യക്തത വരുത്തി വിശ്വാസികളുടെ സംശയം ദൂരികരിക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.- സോഷ്യൽ മീഡിയ വഴി ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം ഇതാണ്. ഇത് സംബന്ധിച്ച രേഖകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

No comments:

Post a Comment