| DECEMBER 26, 2017
ഓക്‌സ്ഫഡ്: അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരികയാണെങ്കില്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. അങ്ങനെയൊരു ജീവിവര്‍ഗം ഉണ്ടെങ്കില്‍ അവയുടെ വരവ് ഭൂമിയുടെ നാശത്തിലേക്കായിരിക്കും നയിക്കുക എന്നും ഫ്രഞ്ച് പത്രമായ ലെ പാരിസിയനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കൊളംബസിന്റെ വരവിനെത്തുടര്‍ന്ന് സ്വന്തം വാസസ്ഥലം നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിക്കയിലെ പ്രാദേശിക ജനതയുടെ ജീവിതത്തിനു സമാനമായിരിക്കും ഇതെന്നും ഹോക്കിംഗ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യമുള്ള ഇവര്‍ അലഞ്ഞു നടക്കുന്നവരായിരിക്കും. എത്തിപ്പെടാന്‍ കഴിയുന്ന ഗ്രഹങ്ങളൊക്കെയും പിടിച്ചടക്കി ഭരിക്കാനായിരിക്കും അവരുടെ ശ്രമം. അന്യഗ്രഹജീവികള്‍ തികച്ചും വിവേകികളാണ്, എന്നാല്‍ എത്രത്തോളം സമര്‍ത്ഥരാണ് അവരെന്ന് കണക്കു കൂട്ടുക പ്രയാസമാണെന്നും ഹോക്കിംഗ് പറഞ്ഞു.
അന്യഗ്രഹജീവികളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ വേണ്ടിയുള്ള പദ്ധതികളില്‍ സ്റ്റീഫണ്‍ ഹോക്കിംഗ് ഇപ്പോള്‍ തന്നെ ഒപ്പുവെച്ചു കഴിഞ്ഞു. അന്യഗ്രഹങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളും സിഗ്‌നലുകളും പിടിച്ചെടുക്കാനും കൈമാറാനും വേണ്ടി ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗ് ആണ് പദ്ധതിയില്‍ പ്രധാനപ്പെട്ടത്.
അന്യഗ്രഹജീവികള്‍ മനുഷ്യരേക്കാള്‍ സമര്‍ത്ഥരാണെന്ന് മുമ്പ് എഡ്വേഡ് സ്‌നോഡനും പറഞ്ഞിട്ടുണ്ട്. അന്യഗ്രഹജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ കോഡ് രൂപത്തിലുള്ള അവരുടെ സന്ദേശങ്ങള്‍ വിവേകശൂന്യരായ നമുക്ക് വായിച്ചെടുക്കാന്‍ കഴിയാത്തതാണെന്നായിരുന്നു സ്‌നോഡന്‍ പറഞ്ഞത്
No comments:
Post a Comment