Tuesday, November 21, 2017

സുറിയാനി ക്രിസ്ത്യാനികളും അതിരമ്പുഴയും



പി.കെ. മാത്യു ഏറ്റുമാനൂര്‍ 9495212899

യേശു സുവിശേഷം പ്രസംഗിച്ചിരുന്ന കാലത്ത് പാലസ്തീന്‍ വിസ്തൃതമായ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്നു. ഈ പ്രവിശ്യക്ക് വളരെദൂരെയല്ലാതെ സ്ഥിതിചെയ്തിരുന്ന ഒരു സ്വതന്ത്ര പേര്‍ഷ്യന്‍ രാജ്യമായിരുന്നു ഏദ്ദേശാ. ഇവിടത്തെ ജനങ്ങളുടെ സംസാരഭാഷ സുറിയാനി ആയിരുന്നതുകൊണ്ട് എദ്ദേശന്‍ ജനതയെ സുറിയാനിക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു. (സുറിയാനിക്കാരുടെ ഈ രാജ്യം പിന്നീട് സിറിയാ എന്നറിയപ്പെടാന്‍ തുടങ്ങി.) കൃഷി കുലത്തൊഴിലായി സ്വീകരിച്ച സുറിയാനിക്കാര്‍ ഫലഭൂയിഷ്ടമായ മണ്ണ് ഏത് രാജ്യത്തുണ്ടെന്ന് അറിഞ്ഞാലും കൂട്ടത്തോടെ ആ രാജ്യത്തേക്കു കുടിയേറിപാര്‍ക്കും എന്നത് അക്കൂട്ടരുടെ പാരമ്പര്യസ്വഭാവമാണ്. ഇതേ പാരമ്പര്യ സ്വഭാവം ഇന്നാട്ടിലെ സുറിയാനിക്കാര്‍ക്കുണ്ട്.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ എദ്ദേശാക്കാരായിരുന്നു എന്നതിനു പൗരാണിക സിറിയന്‍ ചരിത്ര രേഖകളില്‍ തെളിവുകളുണ്ട്. എദ്ദേശായിലെ സുറിയാനി കര്‍ഷകര്‍ക്കു കേരളത്തില്‍ കുടിയേറിപാര്‍ക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ പണ്ടുണ്ടായിരുന്നു. കേരളത്തില്‍ മാത്രം വിളഞ്ഞിരുന്ന കുരുമുളക് ഇഞ്ചി, ജാതിക്കാ, മഞ്ഞള്‍ തുടങ്ങിയവയും മസ്സാലകൂട്ടിനുള്ള വിഭവങ്ങളും റോമന്‍ ജനതയുടേയും പേര്‍ഷ്യന്‍ ജനതയുടേയും അടുക്കളയിലെ അഭിഭാജ്യഘടകങ്ങളായിരുന്നു. വനങ്ങളിലെ വിശേഷപ്പെട്ട തടികളും കടല്‍ത്തീത്തുള്ള മുത്തും പവിഴ രത്‌നങ്ങള്‍ മുതലായ അലങ്കാര വസ്തുക്കളും വിദേശങ്ങളില്‍ പ്രിയപ്പെട്ട ചരക്കുകളായിരുന്നു. ഇവകള്‍ വാങ്ങാന്‍ പേര്‍ഷ്യന്‍ കച്ചവടക്കപ്പലുകളും റോമന്‍ കച്ചവട കപ്പലുകളും കൂടെ കൂടെ കേരള തീരങ്ങളില്‍ അടുത്തിരുന്നു. അതോടൊപ്പം മേല്‍പ്പറഞ്ഞ കാര്‍ഷിക വിഭവങ്ങള്‍ കൃഷി ചെയ്യ്തുണ്ടാക്കാന്‍ സുറിയാനിക്കാര്‍ പേര്‍ഷ്യന്‍ കച്ചവടക്കപ്പലുകളില്‍ കയറി ഇന്നാട്ടില്‍ വന്നു കുടിയേറി പാര്‍ത്തു. തോമാശ്ലീഹാ കേരളത്തില്‍ വന്നു ഇവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തു. അവരും, മാര്‍ത്തോമ്മാക്കാരും പിന്നീട് ആരാധനാഭാഷയുടെ അടിസ്ഥാനത്തില്‍ സുറിയാനി ക്രൈസ്തവര്‍ എന്നറിയപ്പെട്ടു. മാര്‍ഗ്ഗക്കാരും (ക്‌നാനായിക്കാരും) മാര്‍ത്തോമ്മാക്കാരും സുറിയാനിക്കാരും ഉള്‍പ്പെടെയുള്ള കൂട്ടായ്മയായിരുന്നു കേരളത്തിലെ സുറിയാനി സഭ. ഈ സഭയുടെ ആരാധനഭാഷ സുറിയാനി ആയതുകൊണ്ടാണ് സുറിയാനി സഭ എന്ന പേരുണ്ടായത്.

പണ്ടുകാലത്തെ രാജ്യങ്ങളില്‍ രാജാവും പ്രജകളും ഒരേ മതസ്ഥരായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. മതേതര രഷ്ട്രീയം ഒരു ഭരണാധികാരിയും അക്കാലത്ത് പരീക്ഷിച്ചിട്ടില്ല. ക്രിസ്തുവിന്റെ കാലത്തു എദ്ദോശാ ഭരിച്ചിരുന്ന അക്ബാര്‍ രാജാവ് പാലസ്തീനായില്‍ പ്രസംഗ പര്യടനം നടത്തിയിരുന്ന ക്രിസ്തുവിന്റെ ഒരു ആരാധകനായിരുന്നു. അദ്ദേഹം ക്രിസ്തുവിനെ തന്റെ രാജ്യത്തേക്കു ക്ഷണിച്ചുകൊണ്ടു കൊടുത്തയച്ച കത്തും മറുപടിയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് (ancient syrian documents by curetion) ക്രിസ്തു ദൗത്യ നിര്‍വ്വഹണം തോമ്മാശ്ലീഹായെ ഏല്‍പ്പിച്ചു. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണശേഷം തോമ്മാശ്ലീഹാ ആദ്യം പോയത് എദ്ദേശായിലേക്കാണ്. രാജാവും പ്രജകളും ക്രിസ്തുമതം സ്വീകരിച്ചു. എദ്ദേശാ കേന്ദ്രമാക്കിയുള്ള പേര്‍ഷ്യന്‍ സഭയുടെ ആദ്യ സ്ഥാപകന്‍ തോമ്മാശ്ലീഹായാണ്. എദ്ദേശക്കാരുടെ മാതൃഭാഷ ആയ സുറിയാനി പേര്‍ഷ്യസഭയുടെ ആരാധനാഭാഷയായിത്തീര്‍ന്നു.

എദ്ദേശായിലെ സുറിയാനിക്കാര്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞതുകൊണ്ടാണ് തോമ്മാശ്ലീഹാ ഒരു പേര്‍ഷ്യന്‍ കച്ചവടക്കപ്പലില്‍ കയറി കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയത്. അന്ന് കൊടുങ്ങല്ലൂരില്‍ റോമന്‍ ചക്രവര്‍ത്തിയുടെ വക വ്യാപാര കേന്ദ്രവും അതിന്റെ നടത്തിപ്പിനു യഹൂദരും റോമാക്കാരും ആയ ഉദ്യോഗസ്ഥരും പണ്ടകശാലകളുടെ സംരക്ഷണത്തിനു രണ്ടു ബെറ്റാലിയന്‍ റോമന്‍ സൈന്യവും ഉണ്ടായിരുന്നു. (കേരള ചരിത്രം ശ്രീധരമേനോന്‍ പുറം. 79) കൊടുങ്ങല്ലൂര്‍ പരിസരങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇവരെ മാമ്മോദീസാ മുക്കി ക്രൈസ്തവരാക്കിയ ശേഷമാണ് (ഇക്കൂട്ടരാണ് പിന്നീട് മാര്‍ത്തോമാക്കാര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്) ശ്ലീഹാ സുറിയാനിക്കാരെ ക്രിസ്തു മതത്തില്‍ ചേര്‍ത്തത്. ഇതിനു ശുപാര്‍ശ ചെയ്യുന്ന അക്ബാര്‍ രാജാവിന്റെ കത്തും ശ്ലീഹായുടെ കൈവശം ഉണ്ടായിരുന്നു. വടക്കെ ഇന്ത്യയില്‍ നിന്നും ബ്രാഹ്മണര്‍ (നമ്പൂതിരിമാര്‍) കേരളത്തില്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയത് ആറാം നൂറ്റാണ്ടോടു കൂടിയാണ്. ഒന്നാം നൂറ്റാണ്ടില്‍ ശ്ലീഹാ ഇന്നാട്ടില്‍ വരുമ്പോള്‍ ഇവിടെ ഒരൊറ്റ നമ്പൂതിരിയോ ഹൈന്ദവക്ഷേത്രമോ ഉണ്ടായിരുന്നില്ല. നാട്ടുകാരും രാജാക്കന്മാരും ബുദ്ധമതസ്ഥരായിരുന്നു. തോമ്മാ ശ്ലീഹാ നമ്പൂതിരിമാരെ മാര്‍ഗ്ഗം കൂട്ടി, അമ്പലം പള്ളിയാക്കി തുടങ്ങിയ ചരിത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ എഴുതിവച്ച കള്ളക്കഥകളാണ്. അതിനവര്‍ക്കു ചില സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഇന്നാട്ടില്‍ വരുന്നിടംവരെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ നെസ്‌തോറിയന്‍ സഭാവിഭാഗത്തില്‍ പെട്ടവരായിരുന്നു. തട്ടിപ്പിലും വെട്ടിപ്പിലും വഞ്ചനയിലൂടെയുമാണ് കേരളത്തിലെ ക്രൈസ്തവരെ പോര്‍ട്ടു ഗീസ്‌കാര്‍ കത്തോലിക്കരാക്കിയത്. 1599-ലെ ഉദയംപേരൂര്‍ പ്രതിപരുഷയോഗ (സുന്നഹദോസ്) മാണ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മേല്‍ശാന്തിയായി കത്തോലിക്കാ മെത്രാനെ സ്വീകരിക്കാന്‍ തീരുമാനിച്ചത്. പോര്‍ട്ടുഗീസുകാര്‍ ഇറക്കുമതി ചെയ്ത ലത്തീന്‍ പുണ്യവാളന്മാരുടെ പ്രതിമകളും ലത്തീന്‍ കുര്‍ബാനകളും സുറിയാനി ക്രിസ്ത്യാനികള്‍ക്കു ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അതിനു നേതൃത്വം നല്‍കാന്‍ മേല്‍ശാന്തിയായി കത്തോലിക്കാ മെത്രാനെ സ്വീകരിക്കാന്‍ കേരള സുറിയാനി സഭ തയ്യാറായത്. ഇതുവഴി സുറിയാനി സഭയെ പോര്‍ട്ടുഗീസുകാര്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നു.

ജനാധിപത്യ രീതിയനുസരിച്ചു പള്ളിയോഗങ്ങളാല്‍ ഭരിക്കപ്പെട്ടിരുന്ന സ്വതന്ത്ര സ്ഥാപനങ്ങളായിരുന്നു ഇന്നാട്ടിലെ സുറിയാനി പള്ളികള്‍. പള്ളിയോഗക്കാര്‍ തിരഞ്ഞെടുത്തു വിടുന്ന പ്രതിപുരുഷന്മാരുടെ യോഗമായിരുന്ന മൊത്തത്തിലുള്ള സഭാഭരണം നടത്തിയിരുന്നത്. ഇവര്‍ തിരഞ്ഞെടുക്കുന്ന വൈദികനായിരുന്നു അര്‍ക്കിയാദിക്കോന്‍ എന്ന സ്ഥാനപ്പേരുള്ള സഭാതലവന്‍. മെത്രാന്‍ ആരാധനക്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കാലാകാലങ്ങളില്‍ നിയമിക്കപ്പെടുന്ന മേല്‍ ശാന്തി മാത്രമായിരുന്നു. ഈ മെത്രാനെ കാലാകാലങ്ങളില്‍ അയച്ചിരുന്നത് ബാഗാദാദിലെ നെസ്‌തോറിയന്‍ പാത്രിയര്‍ക്കീസായിരുന്നു. ചിലപ്പോള്‍ അന്ത്യോക്യന്‍ മെത്രാനെയും ഇവര്‍ മേല്‍ശാന്തിയായി നിയമിച്ചിരുന്നു.

ഉദയംപേരൂര്‍ നിശ്ചയത്തെ തുടര്‍ന്നു നിയമിതനായ കത്തോലിക്കാ മെത്രാന്‍ മാര്‍. റോസ് പോര്‍ട്ടുഗീസ് പാതിരിമാരുടെയും സൈന്യത്തിന്റെയും  അകമ്പടിയോടുകൂടെ കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന സുറിയാനി സഭയുടെ ആസ്ഥാന മന്ദിരം കയ്യേറി ഇപ്പോഴത്തെ കത്തോലിക്കാ മെത്രാന്മാരുടെ മാതൃകയിലുള്ള ഏകാധിപത്യ ഭരണം ആരംഭിച്ചു. ഈ റോസ് മെത്രാന്റെ ഉത്തരവനുസരിച്ചാണ് പോര്‍ട്ടുഗീസ് പാതിരിമാര്‍ സൈന്യസമേതം ചെന്ന് സുറിയാനി പള്ളികള്‍ സേര്‍ച്ചു ചെയ്തു അവിടങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന പള്ളിയുടെ ചരിത്രം ഉള്ള പടിയോലകളും സഭാ ചരിത്രങ്ങളും കൈവശപ്പെടുത്തി നശിപ്പിച്ചത്. കത്തോലിക്കാ മെത്രാന്റെ ഇമ്പ്രിമാത്തൂര്‍ ഇല്ലാത്ത ഗ്രന്ഥങ്ങളോ ചരിത്ര രേഖകളോ കത്തോലിക്കര്‍ക്ക് കൈവശം വയ്ക്കാന്‍ പാടില്ല എന്ന ന്യായമായിരുന്നു ഈ ഹീനകൃത്യത്തിന് പറഞ്ഞ കാരണം. അതിനു ശേഷം പോര്‍ട്ടുഗീസ് എഴുത്തുകാരെക്കൊണ്ട് എഴുതിച്ച കള്ളകഥകള്‍ മാത്രമാണ് സഭാചരിത്രമായി ഇപ്പോള്‍ നമുക്കു ലഭിച്ചിട്ടുള്ളത്.

എദ്ദേശക്കാരന്‍ ബര്‍ദ്ദേശാന്‍ രചിച്ച മാര്‍ തോമ്മായുടെ നടപടികള്‍ എന്ന ഗ്രന്ഥം അനുസരിച്ച് തോമ്മാശ്ലീഹാ ഒരു കേരളീയ രാജാവിനാല്‍ കൊല്ലപ്പെട്ടു കേരളത്തില്‍ തന്നെ അടക്കം ചെയ്തു. ശ്ലീഹായുടെ ശിഷ്യര്‍ അസ്ഥികൂടം എദ്ദേശായിലേക്ക് കൊണ്ടുപോയി. പോര്‍ട്ടുഗീസുകാര്‍ വരുന്നിടം വരെ ശ്ലീഹായുടെ ശവകുടീരം കൊടുങ്ങല്ലൂരില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതു നശിപ്പിച്ച ശേഷമാണ് പോര്‍ട്ടുഗീസുകാര്‍ മദ്രാസില്‍ മൈലാപ്പൂരില്‍ ഉണ്ടായിരുന്ന ഒരു മുസ്ലീം സിദ്ധന്റെ ശവകുടീരം കൈവശപ്പെടുത്തിയ ശേഷം അതു ശ്ലീഹായുടെ ശവകുടീരമാക്കിയത്. അവിടം കുഴിച്ചുനോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ മനുഷ്യന്റെ അസ്ഥികൂടം ഈ ശവകുടീരത്തില്‍ നിന്ന് കിട്ടി. ഈ ശവകുടീരത്തിന് മുകളില്‍ പോര്‍ട്ട്ഗീസുകാര്‍ പണികഴിപ്പിച്ച ദേവാലയം മൂന്ന് പ്രാവശ്യം മുസ്ലീമങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി നാട്ടില്‍ സംസാരമുണ്ടെന്ന് മൈലാപ്പൂര്‍ പള്ളിയിലെ ഒരു മലയാളി വൈദികന്‍ എന്നോട് പറഞ്ഞു.

ചിന്നമലയില്‍വച്ച് കുത്തേറ്റ സ്ലീഹാ അത്യാസന്ന നിലയില്‍ മരണത്തോട് മല്ലടിച്ച് രക്തമൊലിപ്പിച്ചുകൊണ്ട് രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള പെരിയ മലയുടെ ഉച്ചിവരെ ഇഴഞ്ഞുനീങ്ങിയത്രേ. ശ്ലീഹാ അവിടെ സ്ഥാപിച്ചിരുന്ന മാര്‍ത്തോമാ കുരിശില്‍ പിടിച്ചുകൊണ്ട് അന്ത്യശ്വാസം വലിക്കാന്‍വേണ്ടിയായിരുന്നു ഈ സാഹസിക യാത്ര നടത്തിയത്. ആ കുരിശില്‍ പിടിച്ച് അന്ത്യശ്വാസം വലിച്ച ശ്ലീഹായെ അതേ കുരിശിന്റെ മുമ്പില്‍ത്തന്നെ അടക്കം ചെയ്യാതെ 20 കിലോമീറ്ററോളം അകലെയുള്ള മൈലാപ്പൂര്‍ കടല്‍ത്തീരത്താണ് അടക്കം ചെയ്തത്. ഇതൊക്കെ എഴുതിവച്ചാല്‍ കത്തോലിക്കരല്ലാതെ മറ്റാരും വിശ്വസിക്കുകയില്ല. അന്നും ഇന്നും എവിടെയും ക്രൈസ്തവര്‍ ശവം കിഴക്കുപടിഞ്ഞാറായിട്ട് മാത്രമേ അടക്കം ചെയ്യാറുള്ളു. മുസ്ലീമങ്ങളാണ് തെക്കുവടക്കായി ശവം അടക്കം ചെയ്യുന്നത്. മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ ശവകുടീരം തെക്കുവടക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ഒരൊറ്റ കാരണംകൊണ്ട് ആ ശവകുടീരം ഒരു മുസ്ലീമിന്റേതാണെന്ന് തെളിയുന്നു. നട്ടാല്‍ കുരുക്കാത്ത ഇത്തരം കള്ളക്കഥകളുടെ പിന്‍ബലത്തിലാണ് പോര്‍ട്ഗീസുകാര്‍ മൈലാപ്പൂരും പെരിയമലയും ചിന്നമലയും വിജയനഗരം രാജാവില്‍നിന്ന് പതിച്ചുവാങ്ങിയത്. അതിനുവേണ്ടിയാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ പോര്‍ട്ട്ഗീസുകാര്‍ മൊത്തത്തില്‍ വഞ്ചിച്ചത്. പണത്തിനും പറമ്പിനുംവേണ്ടി സഭാ നേതൃത്വം ഏതു നുണയും പറയും; ഏത് വ്യക്തികളെയും സമൂഹത്തെയും വഞ്ചിക്കും.

മൈലാപ്പൂരില്‍ ഉണ്ടായിരിരുന്ന മുസ്ലീം സിദ്ധന്റെ കബറിടം പിടിച്ചെടുത്ത് മാര്‍ത്തോമാ ശ്ലീഹായുടെ കബറിടമാക്കിയ പോര്‍ട്ട്ഗീസ് തന്ത്രം വിജയിച്ചു എന്നു കണ്ടതിനെ തുടര്‍ന്ന് പോര്‍ട്ട്ഗീസുകാര്‍ പെരിയ മലയെ ലക്ഷ്യമിട്ട് മറ്റൊരു കള്ളക്കഥ മെനഞ്ഞെടുത്തു. ആ മലയുടെ ഉച്ചിയില്‍നിന്നും ഒരു പേര്‍ഷ്യന്‍ കുരിശ് കണ്ടെടുത്തു എന്നതായിരുന്നു പ്രസ്തുത കള്ളക്കഥ. ഇതേ കുരിശിന്റെ തനിപ്പകര്‍പ്പാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക കുരിശാക്കിയിരിക്കുന്ന 'മാര്‍ത്തോമ്മാ കുരിശശ്. തോമാശ്ലീഹാ സ്വന്തം കൈകൊണ്ട് കൊത്തിയുണ്ടാക്കിയതാണ് പ്രസ്തുത കുരിശ് എന്ന് രേഖപ്പെടുത്തിയ ഒരു ബോര്‍ഡും പോര്‍ട്ട്ഗീസുകാര്‍ പ്രസ്തുത കുരിശിനരികില്‍ നാട്ടി.

പെരിയമലയിലെ പ്രസ്തുത കുരിശ് പേര്‍ഷ്യന്‍ കുരിശാണ് എന്ന ചരിത്രസത്യം ആദ്യമായി അവതരിപ്പിച്ചത് 1870കളില്‍ മദ്രാസ് കലക്ടറായി വന്ന സുപ്രസിദ്ധ ബ്രിട്ടീഷ് ചരിത്ര ഗവേഷകന്‍ ഡോ.എസി.ബര്‍ണ്ണല്‍ ആണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം 1874 നവംബറിലെ India antiquary ല്‍  Some Pahalavi  Inscription in South India  എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്പ്പറഞ്ഞ കുരിശിനെ ചുറ്റി കരിങ്കല്‍ തളിരത്തില്‍ പഹലവി ഭാഷയില്‍ ഒരു വാചകം ഉല്ലേഖനം ചെയ്തിട്ടുണ്ട്. ഇതിലെ അക്ഷരങ്ങള്‍ക്ക് യാതൊരു തേയ്മാനവും സംഭവിച്ചതായി കാണുന്നില്ല. അതുകൊണ്ട് പ്രസ്തുത കുരിശ് ഒരുകാലത്തും മണ്ണില്‍ പൂണ്ടു കിടന്നിട്ടില്ല എന്ന് വ്യക്തമാകുന്നു.

ഈ കുരിശിലെ പഹലവി ഭാഷ പേര്‍ഷ്യന്‍മതക്കാരുടെ (മനിക്കേയന്‍ മതസ്ഥരുടെ) വിശുദ്ധഭാഷ ആയിരുന്നു. അതും ഇംഗ്ലീഷില്‍ ബര്‍ണ്ണല്‍ പരിഭാഷപ്പെടുത്തി. യഥാര്‍ത്ഥ രക്ഷകന്‍ (True Christ) പരിശുദ്ധാരൂപിയുടെ അവതാരമാണ് എന്നാണ് പ്രസ്തുത പരിഭാഷയുടെ ചുരുക്കം. കുരിശുമരണത്തില്‍ നിന്നും സൂത്രത്തില്‍ രക്ഷപ്പെട്ട യേശുവിനെ പിതാവായ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് എടുത്തതിന് ശേഷം പേര്‍ഷ്യക്കാരന്‍ മാനിയെ പരിശുദ്ധാരൂപിയുടെ അവതാരമായി ഭൂമിയിലേക്കയച്ചുവെന്നും മാനി രക്ഷാകര ദൗത്യം കുരിശുമരണം വഴി പൂര്‍ത്തീകരിച്ചു എന്നും വിശ്വസിച്ചിരുന്നവരാണ് പേര്‍ഷന്‍ മതസ്ഥര്‍.

ഈ കുരിശുമായി വന്ന ആദ്യത്തെ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ മനിക്കേയന്‍ മതസ്ഥര്‍ ആയിരുന്നു എന്ന് ബ്രണ്ണല്‍ തറപ്പിച്ചു പറയുന്നു. കേരളത്തില്‍ വന്നതിനുശേഷമാണ് അവര്‍ മാര്‍ഗ്ഗം  കൂടി ക്രിസ്ത്യാനികളായത്. അന്നുമുതല്‍ അവരെ മാര്‍ഗ്ഗക്കാര്‍ എന്നറിയപ്പെട്ടു. മാര്‍ഗ്ഗക്കാരുടെ  (ക്‌നാനായക്കാരുടെ) ബാക്കി ചരിത്രങ്ങള്‍ മാര്‍ഗ്ഗംകളിപ്പാട്ടിലും കാരണവന്മാര്‍ കൈമാറിയിട്ടുള്ള വായ്‌മൊഴികളിലുള്ള ചരിത്രങ്ങളിലുമുണ്ട്. മനിക്കേയന്‍ മതസ്ഥര്‍ മാര്‍ഗ്ഗം കൂടിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പേര്‍ഷ്യന്‍ കുരിശുകള്‍ കടുത്തുരുത്തി വലിയ പള്ളിയുടെ പുരാവസ്തു ശേഖരത്തില്‍ കിടപ്പുണ്ടായിരുന്നു. അവിടെനിന്നു പോര്‍ട്ഗീസുകാര്‍ക്ക് രണ്ടു പേര്‍ഷ്യന്‍ കുരിശുകള് ലഭിച്ചു. അതില്‍ ഒന്നാണ് അവര്‍ പെരിയമലയില്‍ കൊണ്ടുപോയി സ്ഥാപിച്ചത്. മറ്റേ കുരിശ് ഇന്നാട്ടിലെ ക്രൈസ്ത ദേവാലയത്തില്‍ പ്രതിഷ്ഠിക്കാനുള്ള തന്ത്രം പരാജയപ്പെട്ടു. ഈ കുരുശി വെയ്ക്കാന്‍വേണ്ടി മാത്രമാണ് പോര്‍ട്ഗീസുകാര്‍ സ്വന്തം ചിലവില്‍ കോട്ടയം വലിയപള്ളി പണികഴിപ്പിച്ചത്. ഈ പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ ഈ പേര്‍ഷ്യന്‍ കുരിശ് വയ്ക്കാന്‍ വിശ്വാസികള്‍ അനുവദിച്ചില്ല. പള്ളിയുടെ വലത്തേ ചെറിയ അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രസ്തുത പേര്‍ഷ്യന്‍ കുരിശിനെ വിശ്വാസികള്‍ ഇപ്പോഴും വണങ്ങുന്നില്ല. ഈ കുരിശ് പെരിയമലക്കുരിശിന്റെ തനിപ്പകര്‍പ്പാണ്. അതുകൊണ്ട് പെരിയമലക്കുരിശും പേര്‍ഷ്യന്‍ കുരിശുകളില്‍പ്പെട്ടതാണ് എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

പേര്‍ഷ്യന്‍ കുരിശിന്റെ മാതൃകയിലുള്ള കുരിശുകള്‍ ഇന്നാട്ടിലെ പള്ളികളില്‍ ഉണ്ടാക്കിവയ്പിക്കാന്‍വേണ്ടി പോര്‍ട്ഗീസുകാര്‍ മറ്റൊരു കള്ളക്കഥ നിര്‍മ്മിച്ചു. 1547ല്‍ പെരിയമലയില്‍ പ്രതിഷ്ഠിച്ച പേര്‍ഷന്‍ കുരിശ് 1558 ഡിസംബര്‍ 18-ാം തീയതി രക്തം വിയര്‍ത്തു എന്നായിരുന്നു ആ കള്ളക്കഥ. അതിന്റെ പേരില്‍ ഒരു പെരുനാള്‍ ആഘോഷം ഏര്‍പ്പെടുത്തി.

വൈക്കം താലൂക്കും പിറവം താലൂക്കും ഉള്‍പ്പെടുന്ന വടക്കുംകൂര്‍ രാജ്യം പോര്‍ട്ഗീസുകാര്‍ കൈവശപ്പെടുത്തി കുറേക്കാലം ഭരിച്ചു. ഈ രാജ്യാതിര്‍ത്തിയില്‍പ്പെട്ട ഏതാനും പള്ളികള്‍ (മുട്ടുചിറ, കോതനല്ലൂര്‍, ആലങ്ങാട്) ഒഴികെ മറ്റൊരു ക്രൈസ്തവ ദേവാലയങ്ങളിലും പേര്‍ഷ്യന്‍ കുരിശെന്ന ക്രിസ്തുവിരുദ്ധ കുരിശ് ഉണ്ടാക്കിവെയ്ക്കാന്‍ ഇടവകക്കാര്‍ വിസമ്മതിച്ചു. പോര്‍ട്ഗീസുകാരെ ഭയപ്പെട്ട് മേല്‍പ്പള്ളികളില്‍ സ്ഥാപിക്കപ്പെട്ട കുരിശുകളെല്ലാം 1653ലെ കൂനംകുരിശ് സത്യത്തെത്തുടര്‍ന്ന് പള്ളികളുടെ പര്യംപുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അവകളൊന്നും പള്ളിയുടെ പുരാവസ്തു ശേഖരത്തില്‍ വയ്ക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായില്ല. അന്ന് വലിച്ചെറിയപ്പെട്ട കുരിശുകള്‍ ഈയടുത്ത കാലത്താണ് മണ്ണില്‍നിന്നും വീണ്ടെടുത്തത്.

ഈ ക്രിസ്തുവിരുദ്ധ കുരിശാണ് മാര്‍പൗവ്വത്തില്‍ സീറോ മലബാര്‍ സഭാംഗങ്ങളെക്കൊണ്ട് മാര്‍ത്തോമ്മാ കുരിശാക്കി ഇപ്പോള്‍ ചുമപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ പുതിയ നിയമ പ്രബോധനങ്ങളെ അവഗണിച്ച് സഭയെ യഹൂദ പാരമ്പര്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെടുന്ന മാര്‍ പൗവ്വത്തില്‍ തത്വത്തില്‍ ഒരു ക്രിസ്തുവിരുദ്ധന്‍ തന്നെയാണ് എന്നു പറയാം. അതുകൊണ്ടാണ് ദേവാലയങ്ങളിലെ മദ്മഹായില്‍നിന്ന് അദ്ദേഹം ക്രൂശിതരൂപം മാറ്റിച്ചുകൊണ്ടിരിക്കുന്നത്. യഹൂദന്മാര്‍ ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കാത്ത ക്രിസ്തുവിരോധികളാണ്. യഹുദ പാരമ്പര്യം ആവശ്യപ്പെടുന്ന മാര്‍ പൗവ്വത്തിനെയും യഹൂദ പാരമ്പര്യത്തില്‍പ്പെട്ട ക്രിസ്തുവിരുദ്ധരുടെ ഗണത്തില്‍ പെടുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

കേരളത്തിലുണ്ടായിരുന്ന സുറിയാനി പള്ളികളില്‍ സൂക്ഷിച്ചിരുന്ന ചരിത്ര രേഖകള്‍ പോര്‍ട്ട് ഗീസുകാര്‍ കൈവശപ്പെടുത്തി നശിപ്പിച്ച കൂട്ടത്തില്‍ അതിരമ്പുഴ പള്ളിയിലെയും ചരിത്രരേഖകള്‍ അവര്‍ കൈവശപ്പെടുത്തി നശിപ്പിച്ചു. അതുകൊണ്ടാണ് അതിരമ്പുഴ പള്ളിയുടെ സ്ഥാപനകാലത്തെപ്പറ്റിയോ സ്ഥാപകനെപ്പറ്റിയോ അറിവ് തരുന്ന ചരിത്രരേഖകളൊന്നും അതിരമ്പുഴ പള്ളിയിലില്ലാതെപോയത്. കാരണവന്മാര്‍ തലമുറകള്‍ക്ക് കൈമാറിയ വായ്‌മൊഴി അറിവനുസരിച്ച് അതിരമ്പുഴ പള്ളിയുടെ കൂദാശകര്‍മ്മം എ.ഡി 830-ല്‍ നടന്നു. എന്നാല്‍ കാര്‍മ്മികനാരെന്ന കാര്യം അഞ്ജാതമാണ്.

പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ പാരസ് നാട്ടില്‍നിന്നും മാര്‍ സാബോര്‍, മാര്‍ പ്രോത്ത് എന്നീ പുണ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ സബരീസോ എന്ന വര്‍ത്തകപ്രമാണി ഏതാനും നസ്രാണികളും കൂടി കൊല്ലത്ത് കുടിയേറിപ്പാര്‍ത്തു. (കേരള നസ്രാണി ക്രിസ്ത്യാനികള്‍ വാല്യം 1 പുറം 347) പിതാക്കന്മാരെ മെത്രാന്മാരായിട്ടായിരുന്നു ഇന്നാട്ടിലെ ക്രിസ്ത്യാനികള്‍ ബഹുമാനിച്ചിരുന്നത്. പോര്‍ട്ടുഗീസുകാരുടെ കണ്ണു വെട്ടിച്ച് സൂക്ഷിച്ചിരുന്ന നിരണം ഗ്രന്ഥവരി (താളിയോലഗ്രന്ഥം) ഈയിടെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഇപ്രകാരം കാണുന്നു. 'കര്‍ത്താവിന്റെ കാലം 825-ന് കൊല്ലം 1 ല്‍ മാര്‍ സാബോറും, മാര്‍ പ്രോത്തും സബരീസ എന്ന കച്ചവടക്കാരന്റെ കൂടെ കൊല്ലത്തു വന്നുകൂടി. (ഇടമറുകിന്റെ കേരളസംസ്‌കാരം പുറം 509) കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന കൊല്ലത്ത് കോശി മാപ്പിള ഈ ശബരീശോ ആണ്. അദ്ദേഹം സ്വര്‍ണ്ണ നാണയം സൂക്ഷിച്ചിരുന്നത് അകം പൊള്ളയാക്കിയ ഒരു മരത്തൂണിലായിരുന്നു. ഇത് കടലിലെറിയപ്പെടേണ്ട ചില സാഹചര്യമുണ്ടായി. കൊടുങ്ങല്ലൂര്‍ കൊല്ലന് അത് കടലില്‍നിന്നും കിട്ടി. ഇതാണ് കഥയുടെ ബാക്കിഭാഗം.

കന്തീശങ്ങള്‍ എന്നു വിളിക്കപ്പെട്ടിരുന്ന മാര്‍ സാബോറും മാര്‍ പ്രോത്തും യാക്കോബായ സമുദായത്തില്‍പ്പെട്ട മാതാവിന്റെ ഭക്തരായിരുന്നു. കോശിമാപ്പള നല്കിയ സാമ്പത്തികം ഉപയോഗിച്ച് കന്തീശങ്ങള്‍ തിരുവിതാംകൂര്‍ ഭാഗത്ത് അനേകം പള്ളികള്‍ മാതാവിന്റെ നാമധേയത്തില്‍പണി കഴിപ്പിച്ചിട്ടുണ്ട്. അതിരമ്പുഴപള്ളി മാതാപിന്റെ നാമധേയത്തില്‍ ഉള്ളതായതുകൊണ്ടും ഈ പള്ളിയും എ.ഡി 825-ല്‍  ഇവിടെ വന്ന കന്തീശങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് എന്നനുമാനിക്കാം. പള്ളി കൂദാശ ചെയ്തതും അവരാണ്.

കന്തീശങ്ങള്‍ അതിരമ്പുഴയില്‍ താമസിച്ചുകൊണ്ട് പണി ആരംഭിച്ചതാകാം കോതനല്ലൂര് കന്തീശങ്ങളുടെ ദേവാലയം എന്ന് നാട്ടുകാര്‍ വിളിച്ചുവന്നിരുന്ന പള്ളി. ഈ പള്ളിപണി തീരുന്നതിനു മുമ്പ് കന്തീശങ്ങള്‍ മരണമടഞ്ഞിരിക്കാം. അതുകൊണ്ടാണ് കോതനല്ലൂര്‍ പള്ളി മാര്‍ സാബോര്‍ മാര്‍ പ്രോത്ത് എന്നീ കന്തീശങ്ങളുടെ നാമധേയത്തില്‍ മാറ്റിയത്. പോര്‍ട്ടുഗീസുകാരാണ് ഈ ദേവാലയം ഗര്‍വ്വാസീസ് പ്രോത്താസീസ് എന്നീ ലത്തീന്‍ വിശുദ്ധരുടെ നാമധേയത്തിലേക്ക് ആക്കിയത്.

കേരളത്തില്‍ താമസമാക്കിയ വിദേശീയരെപ്പറ്റി പഠിക്കാന്‍ പ്ലീനി എന്നുപേരായ ഒരു പേര്‍ഷ്യന്‍ ചരിത്ര ഗവേഷന്‍ രണ്ടാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ശേഷം എഴുതിവച്ച ഒരു ഡയറി പൗരാണിക സിറിയന്‍ ചരിത്ര രേഖകളിലുണ്ട്. ഈ ഡയറിയില്‍ അതിരമ്പുഴ (Adarima) ഒരു പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഇടമറുകിന്റെ കേരള സംസ്‌കാരം പുറം 55) പ്ലീനി സന്ദര്‍ശിച്ച മറ്റ് വ്യാപാര കേന്ദ്രങ്ങള്‍ അതിരമ്പുഴക്ക് കിഴക്കുള്ള കൂടല്ലൂര്‍, പുന്നത്തൂറ, പിഴക്, ആലുവ, മട്ടന്നൂര്‍ മുതലായ കേന്ദ്രങ്ങളാണ്. ഇദ്ദേഹം പേര്‍ഷ്യന്‍ കച്ചവടക്കപ്പലില്‍ കയറി ആലപ്പുഴ തുറമുഖത്തിറങ്ങി. വേമ്പാനാട്ടുകായല്‍ കടന്ന് കുടമാളൂര്‍നദി വഴി പൊണ്ണാര്‍ തോട്ടില്‍ പ്രവേശിച്ച് അതിരമ്പുഴയില്‍ വള്ളത്തില്‍ എത്തിയശേഷം ആയിരിക്കാം കാളവണ്ടിയില്‍ കയറി മേല്‍പ്പറഞ്ഞ വ്യാപാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് എന്ന് അനുമാനിക്കാം. ഈ വ്യാപാരകേന്ദ്രങ്ങളെപ്പറ്റിയുള്ള അറിവ് പ്ലീനിക്ക് നല്കിയത് അതിരമ്പുഴക്കാരായിരിക്കും.

ക്രൈസ്തവരായിത്തീര്‍ന്ന കുടിയേറ്റക്കാരെക്കൊണ്ട് സമ്പന്നമായ തെക്കന്‍ കേരളം ആദിമ നൂറ്റാണ്ടുകളില്‍ അറിയപ്പെടുന്ന ഒരു ക്രൈസ്തവ കേന്ദ്രമായിരുന്നു. ഈ ക്രൈസ്തവ കേന്ദ്രത്തെപ്പറ്റി കേട്ടറിഞ്ഞ അലക്‌സാണ്ട്രിയായിലെ വൈദിക വിദ്യാലയത്തിന്റെ അദ്ധ്യക്ഷന്‍ പന്തിനോസ് ഇന്ത്യയിലെത്തി വചനപ്രഘോഷണം നടത്തിയതിന് ചരിത്ര രേഖകളിലുണ്ട്. അദ്ദേഹം തിരിച്ചുപോയപ്പോള്‍ ഇവിടെനിന്ന് വി.മത്തായി എഴുതിയ എബ്രായ ഭാഷയിലുള്ള ഒരു സുവിശേഷംകൂടി കൂടെ കൊണ്ടുപോയി. (റഫ. സുഗന്ധനാട് നസ്രാണി ചരിത്രം പി.വി.മാത്യു, പുറം 223) പന്തിനോസ് സന്ദര്‍ശിച്ച ഇന്ത്യ ദക്ഷണ കേരളമായിരിക്കും. ഈ നിഗമനം ശരിയെങ്കില്‍ അദ്ദേഹം അതിരമ്പുഴയിലും വന്ന് വചനപ്രഘോഷണം നടത്തിയിരിക്കാം. ഇതിനാധാരമായ ചരിത്ര രേഖകള്‍ സുറിയാനിക്കാരുടെ പക്കല്‍ നിന്ന് പോര്‍ട്ട്ഗീസുകാര്‍ കൈവശപ്പെടുത്തി നശിപ്പിച്ചു.

പോര്‍ട്ട്ഗീസ് മെത്രാന്റെ ഏകാധിപത്യഭരണത്തെ പ്രതിഷേധിച്ചായിരുന്നു 1653-ലെ കൂനന്‍ കുരിശ് സത്യം അരങ്ങേറിയത്. മേലില്‍ കത്തോലിക്ക മെത്രാന്റെ സേവനം ഞങ്ങള്‍ സ്വീകരിക്കുകയില്ല എന്നുള്ളതായിരുന്നു സത്യത്തിന്റെ വിഷയം. അതിരമ്പുഴ പള്ളിയിലെ കൈക്കാരന്മാരും വികാരിയച്ചനുമുള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ പള്ളിയോഗ പ്രതിനിധികളും മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍ കുരിശ് സത്യത്തില്‍ പങ്കെടുത്തു. കത്തോലിക്ക മെത്രാന്‍ സെബസ്ത്യാനി പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടോടിപ്പോകുന്നതിനുമുമ്പ് കുറവിലങ്ങാട്ടുകാരനായ ഒരു ചാണ്ടിക്കത്തനാരെ കത്തോലിക്ക മെത്രാനായി വാഴിച്ചു.

ജനങ്ങള്‍ക്കിഷ്ടപ്പെട്ട ലത്തീന്‍ ആരാധനക്രമവും സുറിയാനിക്രിസ്ത്യാനികളുടെ പഴയരീതിയിലുള്ള പള്ളിഭരണ സമ്പ്രദായവും സഭാഭരണവും പുനഃസ്ഥാപിക്കാം എന്ന വാക്കുകൊടുത്താണ് ഒട്ടുമിക്ക പള്ളിക്കാരെയും കത്തോലിക്കാസഭയിലേക്ക് ചാണ്ടിമെത്രാന്‍ കൊണ്ടുവന്നത്. ചാണ്ടി മെത്രാന് ശേഷം വന്ന വിദേശ മെത്രാന്മാര്‍ വീണ്ടും മെത്രാന്‍ സര്‍വ്വാധിപത്യം പുനഃസ്ഥാപിച്ചു. ഇതിനെതിരെ ശക്തമായി ജനകീയപ്രക്ഷോഭം കത്തോലിക്കരുടെ ഭാഗത്തുനിന്നുണ്ടായി.

കത്തോലിക്കാമെത്രാന്റെ സര്‍വ്വാധിപത്യത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ മുമ്പോട്ടുവന്ന ധീരനായ വൈദികനായിരുന്നു രാമപുരംകാരനായിരുന്ന പാറേമാക്കല്‍ തോമ്മാ കത്തനാര്‍. അദ്ദേഹം വടക്കുള്ള ഇടവകയോഗക്കാരുടെ സമ്മേളനം അങ്കമാലിയിലും തെക്കുള്ള ഇടവകക്കാരുടെ സമ്മേളനം അതിരമ്പുഴയിലും വിളിച്ചുകൂട്ടി. അങ്കമാലി സമ്മേളനം സുറിയാനി സഭാഭരണരീതിയെക്കുറിച്ചും ഇടവകയോഗക്കാരുടെ അധികാര അവകാശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരവകാശ പത്രിക തയ്യാറാക്കി. അതിനെ അങ്കമാലി പടിയോല എന്നറിയപ്പെടുന്നു. അങ്കമാലി പടിയോലയുടെ അടിസ്ഥാനത്തിലുള്ള ഒരു മെമ്മോറാണ്ടം തയ്യാറാക്കി. ആ മെമ്മോറാണ്ടം റോമില്‍ പോപ്പിന് സമര്‍പ്പിക്കാന്‍ പാറേമാക്കല്‍ കത്തനാരെയും കരിയാറ്റി മല്പാനെയും ചുമതലപ്പെടുത്തി. അതിരമ്പുഴ ചന്തക്കടവില്‍നിന്നാണ് കായംകുളംവരെ ഈ പ്രതിനിധി സംഘം വള്ളത്തില്‍ യാത്ര ചെയ്തത്. ഈ വള്ളം (വള്ളമുടമയായ) പൂതത്തില്‍ ചെമ്മാച്ചേല്‍ കുടുംബക്കാര്‍ പൂജ്യമായി സൂക്ഷിക്കുന്നു. നീണ്ടൂരും കൈപ്പുഴയിലുമുള്ള ക്‌നാനായക്കാര്‍ അന്ന് അതിരമ്പുഴ ഇടവകക്കാരായിരുന്നു. അതിരമ്പുഴക്കാര്‍ പാറേമാക്കലിനും കരിയാറ്റിയ്ക്കും ഗംഭീരമായ യാത്രയയപ്പ് നല്കി. ഈ യാത്രയയപ്പ് ആഘോഷങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് അതിരമ്പുഴ പെരുനാളിനോടനുബന്ധിച്ച് ഒരു വള്ളം ചന്തക്കടവില്‍ അലങ്കരിച്ചിടുന്നത്.

നിവേദക സംഘത്തിന്റെ ആവശ്യങ്ങള്‍ മാര്‍പാപ്പ അംഗീകരിച്ചു. അര്‍ക്കിയാദിക്കോന്‍ (പോര്‍ട്ട്ഗീസ് ഭാഷയില്‍ ഗോവണ്ണര്‍ദോര്‍) തസ്തിക പുനര്‍ജീവിപ്പിക്കാന്‍ മാര്‍പാപ്പ അനുവാദം നല്കി. ആദ്യപടിയായി പാറേമാക്കലിനെ ഗോവര്‍ണ്ണദോര്‍ ആയി നിയോഗിക്കപ്പെട്ടു. കരിയാറ്റിയെ മെത്രാപ്പോലീത്താ ആയും അഭിഷേകം ചെയ്തു.തിരിച്ചുള്ള യാത്രയില്‍ കരിയാറ്റി ഗോവന്‍ മെത്രാപ്പോലീത്തായുടെ അരമനയില്‍വച്ച് കൊല്ലപ്പെട്ടു. പാറേമാക്കല്‍ ഗോവണ്ണദോര്‍ ആയി പത്തു കൊല്ലക്കാലം (1786-96) കേരള സുറിയാനി സഭയെ അതിസമര്‍ത്ഥമായി ഭരിച്ചു. അദ്ദേഹമാണ് നമ്മുടെ ഇടവക യോഗങ്ങള്‍ക്ക് പഴയ അവകാശ അധികാരങ്ങള്‍ നല്കിയത്. വിദേശ മെത്രാന്മാര്‍ക്ക് പകരം നാട്ടുമെത്രാന്മാര്‍ വന്നതോടുകൂടി ഇപ്പോള്‍ പള്ളിയോഗങ്ങളെ വെറും നോക്കുകുത്തികളാക്കി തരംതാഴ്ത്തിയിരിക്കയാണ്. മെത്രാന്‍ സര്‍വ്വാധികാരം പൂര്‍വ്വാധികം ശക്തിമത്തതായി തുടരുകയും ചെയ്യുന്നു. നാട്ടുമെത്രാന്മാരെ കിട്ടിയത് സുറിയാനിസഭയ്ക്കു വിനയായിത്തീര്‍ന്നെന്ന് പറയാം.

പാറേമാക്കലിന്റെ റോമായാത്രാനുഭവങ്ങള്‍ അദ്ദേഹംതന്നെ പുസ്തകരൂപത്തിലാക്കി. വര്‍ത്തമാന പുസ്തകം എന്ന പേരിലുള്ള ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം വാരാപ്പുഴ മെത്രാന്‍ തടഞ്ഞുവെച്ചു എങ്കിലും അതിന്റെ ഒരു കയ്യെഴുത്ത്പ്രതി പാറേമാക്കല്‍തന്നെ അതിരമ്പുഴ പള്ളിയ്ക്ക് നല്കുകയുണ്ടായി. അതിരമ്പുഴ പള്ളിയോഗം 1939-ല്‍ ഈ ഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മെത്രാന്റെ നിരോധനം ഉണ്ടായിരുന്നതുകൊണ്ട് മാന്നാനം ആശ്രമംവക പ്രസ്സില്‍ അത് അച്ചടിച്ചുതരാന്‍ വിസമ്മതിച്ചു. അതുകൊണ്ടുമാത്രമാണ് അതിരമ്പുഴ പള്ളിവകയായി പുതിയതായി ഒരു പ്രസ്സ് സ്ഥാപിച്ചത്. ഈ പുസ്തകത്തിന്റെ പ്രസാധകനായി വച്ചത് അന്നത്തെ കൈക്കാരനായിരുന്ന പ്ലാത്തോട്ടത്തില്‍ ലൂക്കാ മത്തായിയെയാണ്.

രണ്ടു നൂറ്റാണ്ടിനുമുമ്പുള്ള ഈ പുസ്തകത്തിലെ മലയാളഭാഷ ഇപ്പോഴുള്ളവര്‍ക്ക് വായിച്ച് മനസ്സിലാക്കാന്‍ വിഷമമാണ്. അതുകൊണ്ട് ആ പുസ്തകത്തിലെ മാറ്റര്‍ ആധുനിക മലയാള ഭാഷയിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 125 രൂപ വിലയുള്ള ഈ പുസ്തകം മുന്‍കൂട്ടി ആവശ്യപ്പെടുന്നവര്‍ക്ക്  ഓശാനയുടെ ഇടമറ്റത്തുള്ള ആഫീസില്‍നിന്നു ലഭിക്കുന്നതായിരിക്കും.

No comments:

Post a Comment