എന്റെ വാട്‌സപ്പിൽ വന്ന ഒരു ഓഡിയോ ക്ലിപ്പിംഗിൽ ഒരു വൈദികൻ റോയിയെന്ന ഒരു വിശ്വാസിയുടെ മൃതസംസ്‌കാര ശുശ്രൂഷക്കിടെ അപക്വമായി പറയുന്ന ജൽപ്പനങ്ങളാണ് (ഒരു പ്രസംഗമാണ്) ഈ ലേഖനത്തിനാധാരം. അദ്ദേഹത്തിന്റെ പേരോ പള്ളിയോ ഏതെന്നു വ്യക്തമാക്കാത്തതിനാൽ ആ സ്ഥാനങ്ങൾ ഡാഷ് കൊടുത്ത് പൂരിപ്പിക്കുവാൻ ഇട്ടിരിക്കുന്നു. നിലവാരം കുറഞ്ഞ പബ്‌ളിസിറ്റിക്കുവേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ പ്രസംഗം ധാരളം പേർ കേട്ടിട്ട് പുശ്ചിച്ചുതള്ളുന്നതും വേദനയോടെ കേൾക്കാനിടയായി.
പ്രിയപ്പെട്ട മകനേ, നീ ഒരു വൈദികനാണെന്നാണ് അതിൽ പറയുന്നത്.അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എനിക്ക് നിന്നോടു പറയുവാനുള്ള കാര്യം നീ സ്‌നേഹവൂർവ്വം കേൾക്കണം.
പ്രിയമകനേ നിന്റെ പ്രസംഗത്തിന്റെ ഓഡിയോ ഈ സൈറ്റിൽ അപ്േലാഡുചെയ്യുവാൻ കഴിയാത്തതിനാൽ പ്രസക്ത ഭാഗങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തുകയാണ്.
റോയി എന്ന വ്യക്തി മരിച്ചപ്പോൾ മൃതസംസ്‌കാര കർമ്മങ്ങൾക്കാണ് മോനവിടെയെത്തിയത് എന്ന കാര്യം മറന്നുപോയി. റോയി മദ്യപാനി ആയിരുന്നെന്നും റോയിയുടെ കൂട്ടുകാരാണ് റോയിയെ കുടിപ്പിച്ച് മരിക്കാനിടയാക്കിയതെന്നും പറയുന്നു . അതുകൊണ്ട് അവന്റെ കൂട്ടുകാരെയെല്ലാം താങ്കൾ ശപിക്കുന്നതും കേട്ടു. അവർ ഇന്നുരാത്രി ഉറങ്ങരുതെന്നും പറയുന്നു. റോയി ധ്യാനത്തിന് പോയാലും നന്നാകില്ലെന്നും പറയുന്നു. റോയി പാപമായിരുന്നെന്നും ഭാര്യയും മകനും പാപമാണെന്നും പറയുന്നു ഈ വാക്കുകൊണ്ട് എന്താണ് മകനുദ്ദ്യേശിച്ചതെന്ന് വ്യക്തമല്ല. മൊത്തത്തിൽ അവിടെ കൂടിയിരുന്ന പ്രായമുള്ളവരേയും മറ്റുള്ള മുഴുവനാളുകളേയും അഹങ്കാരവും അറിവില്ലായ്മയും സമ്മേളിച്ച ഈ പ്രസംഗത്തിലൂടെ താങ്കൾ എല്ലാവരേയും അപമാനിക്കുകയായിരുന്നു. വേദനിപ്പിക്കുകയായിരുന്നു. നാട്ടുകാരെല്ലാവരും കുഴപ്പക്കാരാണെന്നും വൈദികനായ മോൻ വിശുദ്ധനാണെന്ന ഭാവത്തിൽ നടത്തിയ പ്രസംഗം കേട്ടിട്ടും ആരും പ്രതികരിക്കാതിരുന്നത് പ്രിയ മകനേ നിന്നേക്കാൾ യോഗ്യത കുറഞ്ഞ ആരും അവിടെ ഇല്ലാതിരുന്നതുകൊണ്ടോ, ഒരു സീനുണ്ടാക്കേണ്ടെന്നുകരുതിയോ ആകാം. ഒരു വ്യക്തിയുടെ മരണകാരണം ഇടവകപ്പള്ളിയിലെ വികാരിയല്ല പറയേണ്ടത് ഒരു ഡോക്ടറാണ്. വികാരിക്കെന്തറിവാണിക്കാര്യത്തിലുള്ളത്.
മകനേ, നീഒന്നോർക്കണം നാട്ടിലെ പുരോഹിതരിൽ എത്ര ശതമാനം പേർ മദ്യമുപയോഗിക്കാത്തവരുണ്ട്. വിരളിലെണ്ണിക്കാണിക്കാമോ?. എത്രയോ പുരോഹിതർ കുഞ്ഞുങ്ങളേയും യുവതികളേയും വീട്ടമ്മമാരേയും പീഡിപ്പിക്കുന്നു . എത്ര കുട്ടികളെ സ്വവർഗ്ഗരതിക്കിരയാക്കുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകളെത്ര പീഡനത്തിനിരയായ കന്യാസ്ത്രീകളെത്ര. കൊലപാതകങ്ങൾ ആത്മഹത്യആക്കിത്തീർത്തത് എത്ര. ഈ കണക്കുകൾ പുറത്തുവിട്ടാൽ ഉപദേശികളായ പുരോഹിതരുടെ സ്ഥിതിയെന്താകും. എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരം മോൻ കണ്ടില്ലേ. അവർക്ക് നീതികിട്ടിയെന്നു പറയുവാൻ പറ്റുമോ . മകനേപ്പോലെ പുരോഹിതനായിക്കഴിഞ്ഞ് വർഷങ്ങളോളം പണിയെടുത്തിട്ട് നിങ്ങൾക്കിടയിലെ അധാർമ്മികതയും പീഡനവും സഹിക്കുവാൻ കഴിയാതെ പുറത്തുവന്ന ആയിരക്കണക്കിന് നല്ല വൈദികരും കന്യാസ്ത്രീകളുമുണ്ടിവിടെ. അവർക്കാർക്കെങ്കിലും ഒരു ചില്ലിക്കാശു കൊടുക്കാറുണ്ടോ .അതുപോകട്ടെ അവർ എത്രപേർ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരുണ്ടെന്ന് നിങ്ങളോ മെത്രന്മാരോ അന്വേഷിക്കാറുണ്ടോ. പുരോഹിതരാൽ കൊല്ലപ്പെട്ട കന്യസ്ത്രീകളുടെയും വൈദീകരുടേയും മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും വേദനകാണാറുണ്ടോ. വൈദികരാലും കന്യാസ്ത്രീകളാലും പലതരത്തിൽ പീഡിപ്പിക്കപ്പെടുകയും പണം നഷ്ടപ്പെടുകയും അപമാനിക്കപ്പെടുകയും കള്ളക്കേസ്സിൽ കുടുങ്ങുകയും ചെയ്ത് എത്ര എത്ര കുടുംബങ്ങളും വ്യക്തികളുമാണ് തകർന്നിരിക്കുന്നതെന്നാറിയാമോ. ഇതൊന്നും അന്വേഷിക്കുവാൻ പ്രിയപ്പെട്ട മകനേ നീ അൽപം സമയം കണ്ടെത്തണം . ആദ്യം ഇതൊക്കെ ഒന്നു ശരിയാക്കിയിട്ടുപോരെ ഇടവകക്കാരെ നന്നാക്കുവാൻ . പാപംചെയ്യാത്തവർ വേണ്ടേ കല്ലെറിയുവാൻ. കൊടും പാപികൾക്ക് കല്ലെറിയുവാൻ പറ്റുമോ.
വിശുദ്ധ ബൈബിളിലെ ചില വചനങ്ങൾ ഓർക്കുന്നത് നല്ലതാണെന്ന അഭിപ്രായം എനിക്കുണ്ട്.
1.യജമാനനേക്കാൾ വലിയ ഭൃത്യനില്ല എന്നല്ലേ. ഇടവകപ്പള്ളിയിൽ എത്തുന്ന ഓരോ വ്യക്തിക്കും ആത്മിയ ശുശ്രുഷ സ്വയം ചെയ്യുവാനുള്ള നേരമില്ലാത്തതുകൊണ്ടാണല്ലൊ പുരോഹിതനെന്ന ജോലിയും ശമ്പളവും തന്ന് ഇരുത്തിയിരിക്കുന്നത് . ഈ വിശ്വാസികൾ പള്ളിയിൽ വരേണ്ടെന്നു തീരുമാനിക്കുകയോ നേർച്ചയെന്ന പിച്ചക്കാശ് നൽകുകയോ ചെയ്തില്ലെങ്കിൽ മകനേപ്പോലുള്ളവരുടെ സ്ഥിതിയെന്താകും .അപ്പോൾ ശമ്പളം തരുന്ന ഇടവകാംഗങ്ങളല്ലെ യജമാനൻ. അവരോട് അനാദരവ് കാണിക്കുന്നത് തെറ്റല്ലേ.
2. ഹെബ്രായർ പത്തും മത്തായി ഇരുപത്തിമൂന്നും, ആറും, മലാക്കിഒന്നും രണ്ടും മൂന്നും നാലും മാത്രമെങ്കിലും ഒരു വിശ്വാസി മനസ്സിരുത്തിവായിച്ച് അർത്ഥം ഗ്രഹിച്ചാൽ ആരെങ്കിലും പള്ളിയിൽ വരുമോ .( നീ പള്ളിയിൽ പോകരുതെന്നും പുരോഹിതന്റെ ബലികൾ വ്യർത്ഥമാണെന്നും പുരോഹിതന്റെ കൈയ്യിൽനിന്നു കർത്താവ് ഒരുകാഴ്ചയും സ്വീകരിക്കില്ലെന്നും പറയുന്നു.) പുരോഹിതനാരെന്നു മനസ്സിലാക്കിയാൽ നമ്മുടെ ഈ സഭാസംവിധാനമെല്ലാം തകരുകയില്ലേ. വിദേശങ്ങളിലെല്ലാം തകർന്നില്ലേ.
3. അധികമൊന്നും വായിക്കേണ്ട .കൂടപ്പുഴയച്ചനെഴുതിയ കത്തോലിക്കാസഭാ ചരിത്രമൊന്നു വായിച്ചാൽ മാത്രം പോരെ നമ്മുടെ സഭയെ തിരിച്ചറിയുവാൻ .
കണ്ണടച്ച് ഇരുട്ടാക്കിയാൽ അയാൾക്കുമാത്രമാണ് ഇരുട്ട് .ആദ്യം സ്വയം നന്നാകണം .പിന്നിടല്ലേ മറ്റുള്ളവരെ നന്നാക്കേണ്ടത്. ആദ്യം നാം നമ്മെ തിരച്ചറിയുക .അപ്പോൾ യേശുനാഥനെ കാണുവാൻ കഴിയും .പ്രിയപ്പെട്ട മകനേ ,നീ റോയിയുടെ കുടുംബത്തോടും ഇടവകക്കാരോടും തെറ്റേറ്റുപറഞ്ഞ് പശ്ചാത്തപിച്ച് കർത്താവിനോട ്മാപ്പിരക്കുക. എനിക്കിതേ പറയുവാനുള്ളു. കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺചർച്ച് മൂവ്‌മെന്റിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഞാൻ .പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും മ്ലേശ്ചതയുടെ ആയിരക്കണക്കിന് കഥകളറിയാവുന്ന ഞാൻ ഒന്നുപോലും പേരെടുത്ത് പറയാതിരുന്നത് മനപ്പുർവ്വമാണ് . നാമെല്ലാവരും ഒരുമിച്ചുവസിക്കേണ്ട സഭയുടെ ഒരുവിധത്തിലുള്ള തകർച്ചയും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അതിലെ പുഴുക്കുത്തുകൾ മാറിയേ മതിയാവുകയുള്ളു. അത് നമ്മുടെ വരും തലമുറക്കുവേണ്ടിയുള്ള കരുതലാണെന്ന് ഓർക്കുക. നിന്നെപ്പോലുള്ള ധാരാളം വൈദികരും കുറെയധികം മെത്രാന്മാരും പല സ്ഥലങ്ങളിലും താനാരാണെന്നറിയാതെ പ്രവർത്തിക്കുന്നു, പ്രസംഗിക്കുന്നു. പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും ദുഷ്പ്രവർത്തനങ്ങളുടെ ഫലമായി പൊതുസമൂഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികൾ അപമാനിതരാകുകയും തലകുനിക്കുകയുമാണ്. കത്തോലിക്കാ സഭയിന്ന് വലിയ തകർച്ചയിലേയ്ക്ക് നിങ്ങിയിരിക്കുന്നു. ഇനിയും അതിന് ആക്കം കൂട്ടരുത്, ഒപ്പം സഭയുടെ നാശവും. അതുണ്ടാവതിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം ആളുകൾ ഇത് ഷെയറുചെയ്യുക. സഭയുടെ കെട്ടുറപ്പു വർദ്ധിപ്പിക്കുകയും പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ കരങ്ങൾക്ക് ശക്തിയേകുകയും ചെയ്യാം.
റെജി ഞള്ളാനി ,
ചെയർമാൻ
ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
9447105070.
No comments:
Post a Comment