ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം വിശ്വാസികൾക്ക് എതിരെ; ക്രിസ്ത്യൻ ബെൽറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി സഭാ നേതൃത്വത്തിനു അടികൊടുക്കാൻ ഒരുങ്ങി ഓപ്പൺ ചർച്ച് മൂവ്‌മെന്റ്; കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനം; ചർച്ച് ആക്ട് നടപ്പിലാക്കാൻ ഇല്ലെന്ന് പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും കേരളത്തിൽ വിഷയമാകുന്നത് നിയമം കൊണ്ടുവരാതെ ഇരു മുന്നണികളും നടത്തുന്ന രാഷ്ട്രീയ പ്രീണനങ്ങൾ
March 12, 2019 | 07:16 PM IST | Permalink
തിരുവനന്തപുരം: ചർച്ച് ആക്ട് നടപ്പിലാക്കാൻ തങ്ങളില്ലെന്നു പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും ചർച്ച് ആക്ട് തിരഞ്ഞെടുപ്പ് വിഷയമായി വരുന്നു. ചർച്ച് ആക്ട് നടപ്പിലാക്കാൻ വിമുഖത കാണിച്ച ഇരുമുന്നണികളെയും തുറന്നു കാണിക്കാൻ ഒരുങ്ങുന്നത് ക്രിസ്തീയ സഭാ നേതൃത്വത്തിന്നെതിരെ നിലകൊള്ളുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റാണ്. മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ ബെൽറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി ചർച്ച് ആക്ട് സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ഒരുങ്ങുന്നത്.
ചർച്ച് ആക്റ്റ് നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം വിശ്വാസികൾക്ക് എതിരാണ്. അതിനാൽ ചർച്ച് ആക്ടും കേരളത്തിലെ കാർഷിക ആത്മഹത്യകളും വിഷയമാക്കി കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് തീരുമാനം.
ചർച്ച് ആക്ടും കാർഷിക ആത്മഹത്യകളുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കി ഇവർ ഉയർത്തുന്നത്. ചർച്ച് ആക്ട് ആദ്യമേ നടപ്പിലാക്കേണ്ടിയിരുന്നു. യുഡിഎഫ് സർക്കാർ ചർച്ച് ആക്റ്റ് പ്രശ്‌നത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. സഭാ മേലധ്യക്ഷന്മാർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇരുമുന്നണികളും ചർച്ച് ആക്ടിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്നു. ചർച്ച് ആക്ട് സംബന്ധിച്ച് ഒരു ചർച്ച വരെ സമൂഹത്തിൽ നടക്കുന്നുമില്ല. ഈ ഘട്ടത്തിലാണ് സഭാ നേതൃത്വത്തിന്നെതിരെ കടുത്ത നിലപാടുകളുമായി രംഗത്ത് നിൽക്കുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചർച്ച് ആക്ട് ബിൽ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങുന്നത്.
ചർച്ച് ആക്ട് ബില്ലിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സഭാ നേതൃത്വം ഒരുങ്ങുകയാണ്. സഭാ നേതൃത്വം പറയുന്നത് ചർച്ച് ആക്ട് വന്നാൽ സഭാ സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം വരുന്നു എന്നാണ്. എന്നാൽ ചർച്ച് ആക്ടിന്റെ അന്തസത്ത അങ്ങിനെയല്ല. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അധ്യക്ഷനായ മുൻ നിയമപരിഷ്‌ക്കരണ കമ്മീഷനാണ് ഈ ആക്റ്റിന്റെ കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്. മൂന്നു തലത്തിലുള്ള സഭാ സമിതികൾ വരുകയാണ് ചെയ്യുന്നത്. ക്രൈസ്തവ സമൂഹത്തിനു സഭാഭരണത്തിൽ പങ്കാളിത്തം ഉറപ്പാകുന്ന രീതിയാണ് ഓപ്പൺ ചർച്ച് ആക്ട് വന്നാൽ നടപ്പിലാക്കുക.
സഭയ്ക്ക് പള്ളികമ്മറ്റികളും രൂപതാ കമ്മറ്റികളും രൂപതാ സമിതികളുമുണ്ട്. അതുകൊണ്ട് ചർച്ച് ആക്റ്റ് നടപ്പിലാക്കണ്ട ആവശ്യമില്ലാ എന്നാണ് സഭാ നേതൃത്വം പറയുന്നത്. ഇത് ക്രിസ്തീയ സഭാ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. ഈ സമിതികൾ എല്ലാം തന്നെ മെത്രാന്റെ ഉപദേശക സമിതികളാണ്.
അവയ്‌ക്കൊന്നും തന്നെ അധികാരമോ സുതാര്യതയോ ഇല്ല. മെത്രാൻ ആണ് ഏകാധിപതി. മറ്റാർക്കും റോളില്ല. ഈ കാര്യത്തിൽ മാറ്റം വരുത്തണം. അതിനായി ചർച്ച് ആക്ട് നടപ്പിൽ വരണം. ഞങ്ങളുടെ സ്ഥാനാർത്ഥി നീക്കം ചർച്ച് ആക്ടിനെ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കും-ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചെയർമാൻ റജി ഞള്ളാനി മറുനാടൻ മലയാളിയോട് പറഞ്ഞു.
ചർച്ച് ആക്റ്റിനൊപ്പം കർഷിക ആത്മഹത്യയും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് വിഷയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത് ഏഴു കർഷകരാണ്. ഉൽപ്പന്നങ്ങളുടെ വിലയിടവ് കർഷകരെ അലട്ടുകയാണ്. കാപ്പി, കുരുമുളക്, ഏലം, നെൽ, റബ്ബർ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ബാങ്കുകൾ ജപ്തി ഭീഷണിയുമായി കർഷകർക്ക് പിറകെയാണ്. ബ്ലേഡ് മാഫിയകൾ കർഷകരെ കൊള്ളയടിക്കുകയുമാണ്.
കൃഷി നാശം തടയുന്നതിനോ കർഷകരെ സംരക്ഷിക്കുന്നതിനോ നടപടികളില്ല. കർഷകർക്ക് നീതിക്കായുള്ള പോരാട്ടം ശക്തമാക്കാൻ കൂടി വേണ്ടിയാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ രംഗപ്രവേശം- റെജി ഞള്ളാനി പറയുന്നു. എന്തായാലും ചർച്ച് ആക്ട് ചർച്ച ചെയ്യാതെ അവസാനിപ്പിക്കാനുള്ള സഭാ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തൽക്കാലത്തേക്കെങ്കിലും വിലങ്ങുതടിയായി മാറുകയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ രംഗപ്രവേശം.
No comments:
Post a Comment