പരിശുദ്ധ കുർബാനയെ അവഹേളിച്ച മെത്രാന്മാരേയും വൈദികരേയും സഭയിൽ നിന്നും പുറത്താക്കണം . പരിശുദ്ധ കുർബാന നാവിൽതന്നെ നൽകണം.ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
സഭാവിരുദ്ധരും അവിശ്വാസികളുമായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും.
നിപ വൈറസ് ബാധയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വാസിയുടെ നാവിൽ നൽകേണ്ട പരിശുദ്ധ കുർബാന കൈയ്യിൽ നൽകിയാൽമതിയെന്നു തീരുമാനിച്ച മലബാർ പ്രദേശത്തെ മെത്രാന്മാരേയും വൈദികരേയും ഈ തീരുമാനത്തെ അനുകൂലിക്കുന്ന മറ്റു വൈദികരേയും അടിയന്തിരമായി സഭയിൽ നിന്നും പുറത്താക്കണം. യേശുവിന്റെ തിരുശരീര രക്തങ്ങളാണ് പരിശുദ്ധകർബാനയെന്നു വിശ്വസിക്കുന്നവർ ഇവരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കാതെയും പരിശുദ്ധകുർബാന കൈയ്യിൽ സ്വികരിക്കാതെയും മാറിനിൽക്കണമെന്ന് കത്തോലിക്കാ സഭാനവികരണപ്രസ്ഥാനമായ ഓപ്പൺചർച്ച്മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്. യേശുവിന്റെ തിരുശരീരരക്തങ്ങളായ പരിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യത്തിലും വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് വ്യർത്ഥമായ ബലികൾ ഇവർ അർപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്തണം.
പരിശുദ്ധ കുർബാനയെന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീരരക്തമാണ്. മാറാരോഗങ്ങളേയും മാരകരോഗങ്ങളേയും നിമിഷങ്ങൾക്കുള്ളിൽ മാറ്റി അത്ഭുതരോഗശാന്തി നൽകുന്ന ദിവ്യ ഔഷധമാണ് പരിശുദ്ധകുർബാന. ആയിരക്കണക്കിനു മനുഷ്യരുടെ മുന്നിൽ വച്ച് അംഗവൈകല്യങ്ങളും ക്യാൻസർ പോലുളള രോഗങ്ങളും സുഖപ്പെടുന്നതും കുടുംബങ്ങളിൽ ശാന്തിയും സമാധാനവും വരുന്നതും മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ മാറ്റിത്തരുന്നതിനും യേശുവിന്റെ തിരുശരീരരക്തമായ പരിശുദ്ധ കുർബാനയെന്ന ദിവ്യകാരുണ്യത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പണസമ്പാദനത്തിനാണെങ്കിലും ഫാദർ സേവ്യർഖാൻ വട്ടായിയേപ്പോലുള്ള ധ്യാനഗുരുക്കൻമാർ ഇതെല്ലാം പറഞ്ഞുനടക്കുന്നുമുണ്ട്.യേശുവിനുകഴിയാത്തതായി ഒന്നുമില്ലെന്നാണല്ലോ സഭാ പുരോഹിതർ പഠിപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളെല്ലാവരും യേശുവിന്റെ ശക്തിയിലും ദിവ്യബലിയിലും ദിവ്യകാരുണ്യത്തിലും വിശ്വസിക്കുന്നു. ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്നിരിക്കെ യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കാതെ കേവലം ബലഹീനമായ നിപാ വൈറസിനെ ഭയന്ന് നിരീശ്വരവാദികളായ ഈ വൈദികർ പരിശുദ്ധകുർബാനയേയും ക്രിസ്തീയ മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസസമൂഹം ഇവർക്ക് മാപ്പുനൽകില്ല.
ഈ മെത്രാന്മാരും വൈദികരും പറയുന്നതാണ് ശരിയെങ്കിൽ പരിശുദ്ധകുർബാനക്കും ദിവ്യകാരുണ്യത്തിനും യാതോരു ശക്തിയുമില്ലെന്നും യേശുവുമായി ഇതിനു യാതോരു ബന്ധവുമില്ലെന്നും ഇതു വെറും ഗോതമ്പുകഷണം മാത്രമാണെന്നുമല്ലെ അർത്ഥം.
അങ്ങെനെയെങ്കിൽ ഇത്രയും നാളുകൾ ഇതിന്റെ പേരിൽ വലിയൊരു ജനസമൂഹത്തെ വൈദികർ വഞ്ചിച്ചതെന്തിന് . മനപൂർവ്വം കള്ളം പറഞ്ഞ് ദൈവത്തിന്റെ പേരിൽ ക്രിസ്തീയ സഭയിലെ പുരോഹിതരെല്ലാം ജനങ്ങളെ പറ്റിച്ചത് എന്തിന്. കോടികൾ പിരിച്ചെടുത്തതും ദശലക്ഷകോടികൾ പിരിവെടുത്ത് വൻ പള്ളികളും ചാപ്പലുകളും പണിതീർത്തതും എന്തിന്. ആഡംമ്പരജീവിതം നയിക്കുന്നതും ഇതിന്റെഭാഗമല്ലേ.
സഭാവിരുദ്ധരായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർ്ച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും.
ഇതുവരെയുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ വിശ്വാസികൾ ചില തീരുമാനങ്ങളിൽ എത്തിച്ചേരേണ്ടിവരും .
കേവലം നിസ്സാരമായ നിപ വൈറസ് രോഗത്തെ പുരോഹിതർ ഭയക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തിൽ വിശ്വാസമില്ല. അതിശക്തമായ കുർബാനക്ക് വളരെ ഉയരത്തിലാണ് നിപയെന്ന് അവർ വിശ്വസിക്കുന്നു. ഇവർ നിരീശ്വരവാദികളും അവിശ്വാസികളും അന്തവിശ്വാസികളും ചൂഷകരുമാണ്. ഇത്തരക്കാർ വിശ്വാസത്തെ തല്ലിക്കെടുത്തുന്നു. ഇവർക്ക് ദൈവജനത്തെ നയിക്കുവാൻ അവകാശമില്ല.
2. മേൽപറഞ്ഞ സഭാവിരുദ്ധന്മാരായ വൈദികരുടേയും മെത്രാൻമാരുടേയും മേൽ ശക്തമായ ശിക്ഷാനടപടികൾ ഉണ്ടാകണം .അല്ലാത്തപക്ഷം ഇവരേപ്പൊലെയാണ് മറ്റുള്ളവരും എന്നു കരുതേണ്ടിവരും . അങ്ങനെയെങ്കിൽ പരിശുദ്ധ കുർബാനയും ഈ അപ്പകഷണവും വെറും തട്ടിപ്പാണെന്ന് സാധാരണജനങ്ങൾ കരുതേണ്ടിവരും.
3.നിപ വൈറസിനെ നിയന്ത്രണവിധേയമാക്കിയെന്ന് മുഖ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും പറയുന്നു . ഇവരേക്കാൾ ശക്തികുറവാണ് പരിശുദ്ധകുർബാനക്ക് എന്നുപറഞ്ഞാൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറഎവിടെയാണെന്ന് സഭാനേതൃത്വം വ്യക്തമാക്കണം .ദൈവഭയവും വിശ്വാസവും ഇല്ലാത്ത ഇവരെപ്പോലുള്ളവർ വിശ്വാസസമൂഹത്തെ അന്തകാരത്തിലേയ്ക്കാണ് നയിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. ഇവരുടെ കുതന്ത്രങ്ങളിൽ വീഴാതെ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിന്ന് പരിശുദ്ധകുർബാന നാവിൽ സ്വീകരിക്കുകയും ദൈവശാപം വാങ്ങാതെ ഇത്തരക്കാരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും ഓപ്പൺ ചർച്ച്മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്.
റെജി ഞള്ളാനി
ചെയർമാൻ
ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
9447105070.